പീരുമേട്: ദേശീയപാത 183ൽ വ്യാഴാഴ്ച രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം ദേശീയ പാത അധികൃതരുടെ കെടുകാര്യസ്ഥത. നവംബറിലെ കനത്ത മഴയിൽ റോഡിെൻറ വശം ഇടിഞ്ഞ് കൊക്കയിൽ പതിച്ചതിനാൽ ഒരു വാഹനത്തിന് കടന്നുപോകാനുള്ള വീതി മാത്രമാണുള്ളത്. ഇരുവശത്തും മുന്നറിയിപ്പ് ബോർഡും ദേശീയ പാത അധികൃതർ സ്ഥാപിച്ചിട്ടില്ല. മണ്ണിടിഞ്ഞ സ്ഥലത്ത് രണ്ട് ടാർ വീപ്പ മാത്രമാണ് മുന്നറിയിപ്പായി െവച്ചിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ചയും ഇവിടെ ലോറിയും ജീപ്പും കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കഴിഞ്ഞവർഷം നിയന്ത്രണം വിട്ട ലോറി തിട്ടയിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഒക്ടോബറിലെ കനത്ത മഴയിൽ കടുവാപ്പാറ മുതൽ മരുംതുംമൂടുവരെ ആറ് സ്ഥലത്താണ് റോഡ് ഇടിഞ്ഞ് കൊക്കയിൽ പതിച്ചത്. ഇതോടെ ഇൗ ഭാഗത്ത് ഗതാഗതം ഒറ്റവരി മാത്രമായി. കടുവാപ്പാറ, പുല്ലുപാറ, അമലഗിരി, 40ാം മൈൽ, കൊടികുത്തി, 36ാം മൈൽ എന്നിവടങ്ങളിലാണ് റോഡ് ഇടിഞ്ഞ് ഗതാഗതം ഒറ്റവരിയായി നടക്കുന്നത്. ഇവിടെയൊന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ഇതുവഴി സ്ഥിരം പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ വേഗം കുറച്ച് കടന്നു പോകുമ്പോൾ മറ്റു വാഹനങ്ങൾ അപകട സ്ഥിതിയറിയാതെ പായുകയാണ്.
ശബരിമല തീർഥാടനകാലം ആരംഭിച്ചശേഷം ഇതര സംസ്ഥാനങ്ങളിൽനിന്ന് നിരവധി വാഹനങ്ങളാണ് എത്തുന്നത്. റോഡ് ഇടിഞ്ഞതെല്ലാം കൊടുംവളവുകളിലായതിനാൽ വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് ഡ്രൈവർമാർക്ക് കാണാനാകുന്നത്. 36ാം മൈലിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി നടക്കുന്ന സ്ഥലത്ത് ആഗസ്റ്റിൽ കെ.എസ്.ആർ.ടി.സി ബസ് തിട്ടയിലിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.