ഇടുക്കി: ''ചേട്ടാ... ഒരാൾ കുത്തേറ്റ് കിടക്കുകയാണ്. ആശുപത്രിയിലെത്തിക്കണം...'' വിദ്യാർഥികൾ ഓടിയെത്തി പറഞ്ഞതിനെത്തുടർന്നാണ് സത്യൻ വാഹനവുമായി സംഭവ സ്ഥലത്തേക്ക് തിരിച്ചത്. ധീരജിനെ ആശുപത്രിയിലെത്തിച്ചത് ഇടുക്കി ജില്ല പഞ്ചായത്ത് അംഗം കൂടിയായ കെ.ജി. സത്യനായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നരക്ക് നടക്കുന്ന ജില്ല പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാനാണ് സത്യൻ ഉച്ചക്ക് ഒരുമണിയോടെ ഇടുക്കിയിലേക്ക് പുറപ്പെട്ടത്. ജില്ല പഞ്ചായത്ത് ആസ്ഥാനത്തേക്ക് പ്രവേശിക്കുന്ന അതേ കവാടത്തിലൂടെയാണ് എൻജിനീയറിങ് കോളജിലേക്കും പോകുന്നത്. കവാടം കടന്ന് മുന്നോട്ടുപോകുന്നതിനിടെ ചില വിദ്യാർഥികൾ ഓടിയെത്തി കാർ തടഞ്ഞു.
കൂട്ടത്തിലൊരാൾക്ക് കുത്തേറ്റെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കാറുമായി എത്തുമ്പോൾ ധീരജ് നിലത്ത് കിടക്കുകയായിരുന്നു. ഈസമയം ഓടിക്കൂടിയവരും വിദ്യാർഥികളും ചേർന്ന് കാറിൽ കയറ്റി. കാറിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ പ്രതിയെന്ന് സംശയിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് താഴേക്ക് പോകുന്നത് കണ്ടതായും സത്യൻ പറഞ്ഞു.
സത്യൻ പൈനാവിൽ നടത്തിയിരുന്ന മെൻസ് ഹോസ്റ്റലിലാണ് ധീരജ് കോളജിലെത്തിയ ആദ്യകാലത്ത് താമസിച്ചിരുന്നത്. ആവശ്യങ്ങൾക്ക് സ്ഥിരമായി ഫോണിലും ധീരജ് ബന്ധപ്പെട്ടിരുന്നതായി സത്യൻ പറഞ്ഞു.
ഇടുക്കി: ധീരജിന്റെ മരണം വിശ്വസിക്കാനാകാതെ മാതൃസഹോദരി ഗീത. ഇടുക്കി കഞ്ഞിക്കുഴിയിലാണ് ധീരജിന്റെ അമ്മ പുഷ്കലയുടെ ചേച്ചി പുതുവീട്ടിൽ ഗീതയും കുടുംബവും താമസിക്കുന്നത്. ഹോസ്റ്റലിൽ താമസിക്കുന്ന ധീരജ് ഇടക്ക് ഗീതയുടെ വീട്ടിൽ വന്നുനിൽക്കുമായിരുന്നു.
പരീക്ഷയായതിനാൽ ഗീതയുടെ മകന്റെ കുട്ടിയുടെ നൂലുകെട്ടിന് വരാനാകില്ലെന്ന് പറയാൻ ധീരജ് ഞായറാഴ്ച വിളിച്ചിരുന്നു. ഉച്ചക്ക് വാർത്തയിലൂടെയാണ് മരണവിവരം അറിയുന്നത്. കണ്ണൂരിൽനിന്ന് ധീരജിന്റെ ബന്ധുക്കളും വിളിച്ച് വിവരം പറഞ്ഞു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു.
ഇടുക്കി: ഗവ. എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമാണെന്ന് എം.എം. മണി എം.എൽ.എ. പുറത്തുനിന്നെത്തിയ കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയാണ് കുത്തിയതെന്നും ഇയാൾ തനിച്ചല്ല ആക്രമണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
കോളജിൽ സംഘർഷം നിലനിന്നിരുന്നില്ല. സമാധാനപരമായി പോളിങ് നടക്കുകയായിരുന്നു. ഇതിനുശേഷമാണ് ആക്രമണം ഉണ്ടായതെന്നും മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.