മൂലമറ്റം: ബോട്ട് സർവിസ് നിലച്ചതോെട ചക്കിമാലി, മുല്ലക്കാനം, കപ്പക്കാനം, ഉറുമ്പുള്ള് പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ പ്രയാസത്തിൽ. ഇവിടെയുള്ള ആളുകൾ ഇടുക്കി ജലാശയത്തിലൂടെ ബോട്ടിലാണ് പുറംലോകത്തേക്ക് എത്തിയിരുന്നത്.
ഒരുബോട്ട് കുളമാവിലും ഒരുബോട്ട് കണ്ണക്കയം കടവിലും തകരാറിലായി കിടക്കുകയാണ്. അതുകൊണ്ട് ആളുകൾ ചെറിയവള്ളങ്ങളിലും ചങ്ങാടങ്ങളിലുമാണ് യാത്ര ചെയ്യുന്നത്. ഇവർ ബോട്ടിൽ കുളമാവിലെത്തി അവിടെ നിന്ന് ബസിലാണ് ഇടുക്കി, അറക്കുളം പ്രദേശങ്ങളിൽ എത്തിയിരുന്നത്. എന്നാൽ, ബോട്ട് ഇല്ലാതായതോടെ വളവുകോട്, ഉപ്പുതറ വഴി 10 കി.മീ. ജീപ്പിൽ സഞ്ചരിച്ച് ചോറ്റുപാറ കൂടി മൂലമറ്റം വഴിയാണ് ആശുപത്രിയിൽ പോകാനും ഓഫിസ് ആവശ്യങ്ങൾക്കും സഞ്ചരിക്കുന്നത്. യാത്രാ സൗകര്യമില്ലാത്തതുകൊണ്ട് അമ്പത് കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ച് വലിയ കൂലി കൊടുത്തുവേണം യാത്ര ചെയ്യാൻ.
സാധാരണക്കാരായ ആളുകൾ മാത്രം അധിവസിക്കുന്ന സ്ഥലമായതിനാൽ ഇതിനുള്ള സാമ്പത്തിക സ്ഥിതിയും ഇവർക്കില്ല. ഇടുക്കി പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ഇവിടെ താമസിക്കുന്നത്. കൈവശരേഖ മാത്രമുള്ള ഇവർക്ക് സ്ഥലം വിറ്റ് മറ്റ് മേഖലകളിലേക്ക് പോകാനും സാധിക്കുന്നില്ല.
നിലവിൽ കുളമാവിലും ചക്കിമാലിയിലും കിടക്കുന്ന ബോട്ടുകൾ മെയിൻറനൻസ് ചെയ്ത് എടുത്ത് മോട്ടറുകൾ കൂടി പിടിപ്പിച്ചാൽ ഒരുപരിധിവരെ ഇവിടുത്തുകാർക്ക് ആശ്വാസമാവും. ചക്കിമാലി, മുല്ലക്കാനം വന സംരക്ഷണസമതിയുടെ മേൽനോട്ടത്തിലായിരുന്നു ബോട്ട് സർവിസ് നടത്തിയിരുന്നത്. 17 പേർക്ക് ഇരിക്കാവുന്ന ബോട്ടിൽ ഒരാൾക്ക് 10 രൂപയായിരുന്നു ചാർജ്.
തദ്ദേശവാസികൾ ജീവൻ പണയപ്പെടുത്തി ചെറുവള്ളത്തിലും ചങ്ങാടത്തിലും സഞ്ചരിക്കുന്നത് ഒഴിവാക്കുന്നത് തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.