കുമളി: കരുതൽ മേഖല സംബന്ധിച്ച ഉപഗ്രഹ സർവേ റിപ്പോര്‍ട്ടിലെ അവ്യക്തത ജനങ്ങളിൽ സൃഷ്ടിച്ച ആശങ്കയും ആശയക്കുഴപ്പങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഫീൽഡ് സർവേ തുടങ്ങി. കുമളി ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡിലാണ് വെള്ളിയാഴ്ച സർവേക്ക് തുടക്കമിട്ടത്.
കരുതൽ മേഖല പരിധിയില്‍നിന്ന് ജനവാസ, കാര്‍ഷിക മേഖലകൾ ഒഴിവാക്കാൻ സംസ്ഥാന സര്‍ക്കാന്റിന്റെ നിര്‍ദേശ പ്രകാരം സംയുക്ത യോഗം ചേർന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ഫീൽഡ് സർവേ. ഉപഗ്രഹ ചിത്രങ്ങള്‍ മുഖാന്തരം കണ്ടെത്താന്‍ കഴിയാത്ത നിര്‍മിതിയുടെ വിവരശേഖരണത്തിന് പുറപ്പെടുവിച്ച പ്രഫോര്‍മ വഴിയാണ് സർവേ നടത്തുന്നത്.
ആസ്തിവിവരണവും ചിത്രവും അടയാളവും ഉള്‍പ്പെടുന്നതാണ് പ്രഫോര്‍മ. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കുമളി ഗ്രാമപഞ്ചായത്ത് സജീവ ഇടപെടലാണ് നടത്തുന്നതെന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ പാട്ടീല്‍ സുയോഗ് സുഭാഷ് റാവോ പറഞ്ഞു.
ഫീല്‍ഡ്തല സർവേ അതിവേഗം പൂര്‍ത്തീകരിക്കാനാണ് തീരുമാനം. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമെ ജനപ്രതിനിധികളും സംഘടന പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ഓരോ വാര്‍ഡിലുമെത്തി നേരിട്ട് പരിശോധന നടത്തുക. ഇതോടൊപ്പം ജനങ്ങളില്‍നിന്ന് അപേക്ഷയും സ്വീകരിക്കും. ജനവാസം കൂടുതലുള്ള മേഖലയാണ് കരുതൽ മേഖലയിൽ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കാനാണിത്. പരാതി നല്‍കാനുള്ള ഹെല്പ് ഡെസ്ക്കുകളും പഞ്ചായത്തില്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍, വൈസ് പ്രസിഡന്റ് വി.എ. ബാബുകുട്ടി, സ്ഥിരംസമിതി ചെയർമാൻമാരായ കെ.എം. സിദ്ദീഖ്, രജനി ബിജു, വിനോദ് ഗോപി, ജനപ്രതിനിധികള്‍, വനം-വില്ലേജ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവർ സർവേയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.