തൊടുപുഴ: ഇടുക്കിയുടെ മനോഹര ദൃശ്യങ്ങളിലേക്ക് കാമറ തിരിച്ച ഷാഹുലിെൻറ കണ്ണുകളിൽ ഇരുൾ പരക്കുകയാണ്. തനിക്കും കുടുംബത്തിനും അന്നമേകിയ തൊഴിൽ ചെയ്യാനാകാതെ കണ്ണിനെ ബാധിച്ച ഇരുട്ടിനെ എങ്ങനെ അതിജീവിക്കുമെന്നറിയാതെ ഉഴറുകയാണ് ഫോട്ടോഗ്രാഫറായ മുതലക്കോടം കുപ്പശേരിൽ ഷാഹുൽ ഹമീദ് (61).
30 വർഷത്തോളം സ്റ്റിൽ ഫോേട്ടാഗ്രഫി രംഗത്ത് പ്രവർത്തിച്ച ഇദ്ദേഹം ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചതിനെ തുടർന്നാണ് ഇൗ രംഗത്തുനിന്ന് പിന്മാറിയത്. 1980കളിൽ ഇടമലക്കുടിയിൽ അതിസാരം പടർന്ന് ആദിവാസികൾ കൂട്ടത്തോടെ മരിച്ചതിെൻറ ദാരുണചിത്രങ്ങളെടുത്തത് ഷാഹുലായിരുന്നു. 18 കി.മീ. കാട്ടിലൂടെ നടന്ന് എടുത്ത ചിത്രങ്ങളാണ് അക്കാലത്ത് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്. ഇടുക്കി വനമേഖലയിലെ ആനവേട്ടയെക്കുറിച്ച അന്വേഷണത്തിന് പിൻബലമേകിയതും ഇദ്ദേഹത്തിെൻറ ചിത്രങ്ങളാണ്. അക്കാലത്ത് ഒട്ടേറെ പത്രങ്ങളുടെ ഏക ആശ്രയമായ ഷാഹുൽ ഹമീദ് ഫോട്ടോഗ്രഫി ആവേശമായി തലക്ക് പിടിച്ചതിനിടെയാണ് പ്രമേഹം പിടിപെട്ടത്.
രോഗം ബാധിച്ചതോടെ കാഴ്ച മങ്ങി. ഇതോടെ കാമറ താഴെവെച്ചു. മറ്റ് ചില ജോലികൾ ചെയ്തുനോക്കിയെങ്കിലും തുടരാനായില്ല. വർഷങ്ങൾ നീണ്ട ചികിത്സക്കിടെ ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിൽ പ്രാണനായി കരുതിയ കാമറയും വിറ്റു. മുതലക്കോടത്തിന് സമീപം വാടകവീട്ടിലാണ് ഭാര്യക്കും സ്കൂൾ വിദ്യാർഥിയായ മകനുമൊപ്പം താമസം. രണ്ടാഴ്ച മുമ്പ് വീട്ടിലെ കുളിമുറിയിൽ വീണ് കാലൊടിഞ്ഞു. മൂന്നുമാസത്തെ പൂർണ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്. ഭാര്യയും പ്രമേഹരോഗിയാണ്. ചികിത്സക്കും ജീവിതച്ചെലവിനും വഴികാണാതെ ആശങ്കയിലാണ് കുടുംബം. സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് ഇപ്പോഴത്തെ ചികിത്സ. സുമനസ്സുകളുടെ സഹായം എത്തുമെന്ന പ്രതീക്ഷയിൽ ഇദ്ദേഹത്തിെൻറ പേരിൽ തൊടുപുഴ ബറോഡ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 25120100005783. IFSC: BARBOTHODUP. വിലാസം: കെ.എം. ഷാഹുൽ ഹമീദ്, കുപ്പശേരിയിൽ, പട്ടയം കവല, തൊടുപുഴ. ഫോൺ: 9383404441.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.