ഇടുക്കി: ജില്ലയില്‍ ആരോഗ്യ വകുപ്പ് എല്ല ആഴ്ചയും നടത്തുന്ന പ്രതിവാര വെക്ടർ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം വണ്ടന്മേട് പഞ്ചായത്തിലെ വാർഡ് രണ്ട്, 13, 14, വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വാർഡ് രണ്ട് പീരുമേട് പഞ്ചായത്തിലെ വാർഡ് ആറ്, 11, 12 എന്നിവ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തി.
ഹൈറിസ്ക് പ്രദേശമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരം സ്ഥലങ്ങളിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചികുന്‍ ഗുനിയ എന്നിവക്കുള്ള സാധ്യത കൂടുതലായിരിക്കും. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എൽ. മനോജ്, ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. ജോബിന് ജി. ജോസഫ് എന്നിവർ അറിയിച്ചു.
രോഗപ്രതിരോധത്തിന് കൊതുക് വളരുന്ന സാഹചര്യം വീടുകളിലോ പരിസരങ്ങളിലോ ഇല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വീടിനുള്ളിലും പുറത്തും അടുത്ത പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം, കളിപ്പാട്ടങ്ങള്‍, റബര്‍ ടാപ്പിങ് ചിരട്ടകള്‍, കൊക്കോ തോടുകള്‍, കമുക് പോളകള്‍, വീടിന്റെ സണ്‍ഷേഡുകള്‍, വെള്ളം നിറച്ച അലങ്കാര കുപ്പികള്‍, ഉപയോഗശൂന്യമായ ടാങ്കുകള്‍, ടയറുകള്‍, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, പാറയുടെ പൊത്തുകള്‍, മുളങ്കുറ്റികള്‍, കുമ്പിള് ഇലകളോടുകൂടിയ ചെടികള്‍, മരപ്പൊത്തുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഒരു സ്പൂണില്‍ താഴെ വെള്ളം ഒരാഴ്ച തുടര്‍ച്ചയായി കെട്ടിനിന്നാല്പോലും ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരും.
ഇത് ഒഴിവാക്കാൻ ആഴ്ചയില്‍ ഒരുദിവസം ഡ്രൈഡേ ആചരിച്ച് വെള്ളം കെട്ടിക്കിടക്കുന്ന എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.