തൊടുപുഴ: ജില്ലയിലെ പെരുവന്താനം, മഞ്ചുമല, പെരിയാര്‍, ചിന്നക്കനാല്‍, ചതുരംഗപ്പാറ, കല്ക്കൂന്തല്, കരുണാപുരം, ബൈസണ്‍വാലി, ശാന്തന്‍പാറ, രാജാക്കാട്, ഇരട്ടയാര്‍, വാത്തിക്കുടി, ഇടുക്കി എന്നീ 13 വില്ലേജുകളെ ആദ്യഘട്ട ഡിജിറ്റൽ സര്‍വേക്ക് തെരഞ്ഞെടുത്തു. എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ സര്‍വേ ആരംഭിക്കുന്നത്.
ഭൂമിസംബന്ധമായ തര്‍ക്കങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും വലിയ അളവില്‍ പരിഹാരമാകാന്‍ ഡിജിറ്റല്‍ റീസര്‍വേ സഹായമാകും. ഭൂമി സംബന്ധമായ സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കാനും ഇതുവഴി കഴിയും. നാലുവര്‍ഷംകൊണ്ട് സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കാനാണ് പദ്ധതി.
ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ഒക്ടോബര്‍ 12 മുതല്‍ സംസ്ഥാനത്ത് സര്‍വേ സഭകള്‍ ചേരും. സര്‍വേ നടപടികളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള എല്ലാ സംശയങ്ങള്‍ക്കും ഈ സഭകളില്‍ വിശദീകരണം നല്‍കും. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ സര്‍വേ നടക്കുന്ന 200 വില്ലേജുകള്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപന വാര്‍ഡുകളിലാണ് സഭകള്‍ വിളിക്കുന്നത്. ജില്ലതല ഉദ്ഘാടനം 12ന് ഇരട്ടയാര്‍ വില്ലേജില്‍ നടക്കും. സര്‍വേ ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കുക, അതിര്‍ത്തികള്‍ അടയാളപ്പെടുത്തി വെക്കുക, അതിര്‍ത്തികള്‍ സര്‍വേ നടത്താന്‍ പാകത്തില്‍ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഭൂവുടമകള്‍ ചെയ്യണം. ഉടമ സ്ഥലത്തില്ലെങ്കില്‍ ഏറ്റവും അടുത്ത ഒരാളെ പ്രത്യേകം ചുമതലപ്പെടുത്തി ഇക്കാര്യം സര്‍വേ വകുപ്പിനെ അറിയിക്കണം. ഭൂവുടമകളായ എല്ലാവരെയും ബാധിക്കുന്ന കാര്യമാണെന്നതിനാല്‍ ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് കലക്ടര്‍ ഷീബ ജോര്‍ജ് ആഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.