ചെറുതോണി: ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ വാത്തിക്കുടി പഞ്ചായത്തിലെ ആയിരക്കണക്കിനു കർഷകരുടെ ഭൂമി സർക്കാർ ഭൂമിയാകുമെന്ന ആശങ്കയിൽ കർഷകർ. സംസ്ഥാനത്തെ ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായുള്ള സർവേയാണ് വാത്തിക്കുടി വില്ലേജിൽ ഇപ്പോൾ നടക്കുന്നത്. പട്ടയമില്ലാത്ത ഭൂമിയുടെ അളവോ കൈവശക്കാരന്റെ പേരോ രേഖപ്പെടുത്താതെ സർവേ നടത്തുന്നതിലാണ് കർഷകർക്ക് ആശങ്ക.
കലക്ടറേറ്റിൽ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പട്ടയമില്ലാത്ത വസ്തുവിന്റെ അളവും കൈവശക്കാരന്റെ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തുമെന്ന് കർഷകർക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ നാലിലെ സർവേ ഭൂരേഖ വകുപ്പിന്റെ ഉത്തരവു പ്രകാരം പട്ടയമില്ലാത്ത ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ പ്രത്യേകം കൈവശ കോളത്തിലോ റിമാർക്സിലോ രേഖപ്പെടുത്താനാകില്ല.
ഇതാണ് ജനങ്ങളുടെ ആശങ്കക്ക് കാരണം. ഇതിനിടെ കുടിയിറങ്ങേണ്ടി വരുമെന്ന ആശങ്കയെ തുടർന്ന് ബുധനാഴ്ചയെത്തിയ സർവേ ഉദ്യോഗസ്ഥരെ കർഷകർ തടഞ്ഞു. വാത്തിക്കുടി പട്ടയാവകാശ സമിതിയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. പട്ടയമില്ലാത്ത ഭൂമിയുടെ അളവോ കൈവശക്കാരന്റെ പേരോ രേഖപ്പെടുത്താതെ സർവേ നടത്തുന്നതിനെ ജനങ്ങൾ എതിർത്തു. തുടർന്ന് കലക്ടറും സർവേ ഡയറക്ടറും ഇടപെട്ടു. അവരുടെ നിർദേശത്തെത്തുടർന്ന് ഭൂമി അളന്ന് ഉടമസ്ഥരുടെ പേര് വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിക്കുകയും ചെയ്തു.
പട്ടയമില്ലാത്ത ഭൂമിയുടെ അളവും ഉടമയുടെ വിവരങ്ങളും കൃത്യമായി സർവേയിൽ രേഖപ്പെടുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും പാലിക്കാതെ വന്നതാണ് തടയാൻ കാരണമായി കർഷകർ പറയുന്നത്. പട്ടയമോ കൈവശരേഖയൊ ഇല്ലാത്ത ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ പ്രത്യേകം കൈവശ കോളത്തിലോ റിമാർക്സിലോ -രേഖപ്പെടുത്തേണ്ടതില്ലെന്നാണ് സർവേ ഡെപ്യൂട്ടി ഡയറക്ടർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ആശങ്കാജനകമായ ഉത്തരവാണിതെന്നും പട്ടയമില്ലാത്ത ആയിരക്കണക്കിന് കർഷകർ അധിവസിക്കുന്ന കൃഷിഭൂമി സർക്കാർ ഭൂമി എന്ന് രേഖപ്പെടുത്തുന്നതോടെ അരനൂറ്റാണ്ടിലേറെയായി തങ്ങൾ അധിവസിക്കുന്ന ഭൂമിയിൽനിന്നും കുടിയിറങ്ങേണ്ടിവരുമെന്ന ഭീതിയും കർഷകർ പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.