നെടുങ്കണ്ടം: അതിർത്തി ചെക്ക്പോസ്റ്റായ കമ്പംമെട്ടിൽ മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായവർ ചെന്നൈ കേന്ദ്രീകരിച്ച വൻ കള്ളനോട്ട് മാഫിയയിലെ കണ്ണികൾ മാത്രമെന്ന് പൊലീസ്. റിമാൻഡ് പ്രതികളിൽ രണ്ടുപേരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി തമിഴ്നാട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിൽ നിന്നുമാണ് പുതിയ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കള്ളനോട്ട് അടിച്ച പ്രിൻറർ വാങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താനാണ് രണ്ട് പ്രതികളെ രണ്ടാം തവണ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കി. റിമാൻഡ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തമിഴ്നാട്ടിൽ കൊണ്ടുപോയി നടത്തിയ തെളിവെടുപ്പിൽ നോട്ടടിക്കാൻ ഉപയോഗിക്കുന്ന മൂന്നര ലക്ഷം രൂപയുടെ മെഷീനും കാൽകോടിയുടെ കള്ളനോട്ട് അച്ചടിക്കാനുള്ള പേപ്പറും മുമ്പ് പിടിച്ചെടുത്തിരുന്നു.
ആറംഗ സംഘത്തിലെ ചിമൂർ സ്വദേശി മഹാരാജെൻറ വീട്ടിൽനിന്നുമാണ് മെഷീനും മറ്റും കണ്ടെടുത്തത്. കോയമ്പത്തൂരും കമ്പവും കേന്ദ്രീകരിച്ച് നോട്ട് വിതരണം നടത്താൻ പ്രത്യേക ഏജൻറുമാരെയും സംഘം തയാറാക്കിയിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതികൾ വ്യക്തമാക്കി. അച്ചടിച്ച നോട്ട് വിതരണം ചെയ്ത ഏജൻറുമാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.
പ്രതികൾ കള്ളനോട്ട് നിർമാണവും വിതരണവും തുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടതായി ഇവർ പൊലീസിനോട് പറഞ്ഞു. തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻ സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായി വിവരമുണ്ട്. ഇടുക്കി നാർകോട്ടിക് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ 24ന് സംഘം കുടുങ്ങിയത്. പിടിയിലായവരിൽ അഞ്ചുപേർ തമിഴ്നാട് സ്വദേശികളും ഒരാൾ മലയാളിയുമാണ്. ചിമൂർ മഹാരാജൻ (32), കോയമ്പത്തൂർ സ്വദേശി ചുരുളി (32), കമ്പം സ്വദേശി മണിയപ്പൻ (30), വീരപാണ്ടി സ്വദേശി പാണ്ടി (53), ഉത്തമപാളയം സ്വദേശി സുബയ്യൻ (53), കുമളി സ്വദേശി സെബാസ്റ്റ്യൻ (42) എന്നിവരാണ് ഇപ്പോൾ റിമാൻഡിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.