തൊടുപുഴ: മഴ കനത്തതോടെ പനി ബാധിതരുടെ എണ്ണം വീണ്ടും വർധിക്കുന്നു. വൈറൽ പനിയാണ് കൂടുതൽ പേർക്കും. സർക്കാർ ആശുപത്രികളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പനി ബാധിതരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സാധാരണയിൽനിന്ന് ഇരട്ടിയിലധികം പേരാണ് പനി ബാധിച്ചും മറ്റും എത്തുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു.വൈറൽ പനിയോടൊപ്പം ഡെങ്കിപ്പനിയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വൈറൽ പനി ബാധിച്ച് ശനിയാഴ്ച 405 പേരാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്.
ഈമാസം 4597 പേരും ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ, സ്വകാര്യ ക്ലിനിക്കുകൾ, മറ്റ് ആശുപത്രികൾ എന്നിവിടങ്ങളിൽ എത്തിയ രോഗികളുടെ കണക്ക് പരിശോധിച്ചാൽ ഇതിെൻറ ഇരട്ടിയിലധികം രോഗികൾ ചികിത്സ തേടിക്കഴിഞ്ഞു. രണ്ടാഴ്ചക്കിടെ 15 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലോറേഞ്ച് മേഖലകളിലാണ് പനി കൂടുതൽ. എലിപ്പനി സംശയിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ വയറിളക്ക രോഗങ്ങളും കണ്ടുവരുന്നുണ്ട്. 694 പേരാണ് ഇത്തരത്തിൽ ചികിത്സ തേടിയത്.
മഴക്കാലരോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ ഇരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. സാധാരണ വൈറൽ പനി ഭേദമാകാൻ മൂന്ന് മുതൽ അഞ്ച് ദിവസം വരെ വരാം. പനിക്കെതിരെയുള്ള എല്ലാ മരുന്നും ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ കഴിക്കാവൂ.
പനി ബാധിക്കുന്നവർ മാസ്ക് ധരിക്കുന്നത് നല്ലതാണ്. തൊഴിലുറപ്പ് ജോലിക്ക് പോകുന്നവർ, ഓടകൾ വൃത്തിയാക്കുന്നവർ, വെള്ളത്തിലും മറ്റുമായി ജോലി ചെയ്യുന്നവർ തുടങ്ങിയവർ എലിപ്പനിക്കുള്ള പ്രതിരോധ മരുന്നുകൾ നിർബന്ധമായും കഴിക്കണം.എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇത് ലഭിക്കും. ജില്ലയിൽ ഇതുവരെ രണ്ട് എലിപ്പനി കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിലും ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.