തൊടുപുഴ: അനുദിനം ഉയരുന്ന ഇന്ധനവില സമസ്ത മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. ജില്ലയില്‍ സ്വകാര്യ ബസ്, ഓട്ടോ, ടാക്സി മേഖലകൾ കോവിഡ് സാഹചര്യത്തില്‍ കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ദിവസവും ഇന്ധനവില കൂടുന്നത് ഇവരുടെ വരുമാനത്തെയാണ് ഏറെ ബാധിക്കുന്നത്. തൊടുപുഴയില്‍ വ്യാഴാഴ്ച പെട്രോളിന് 87.15 രൂപയും ഡീസലിന് 81.35 രൂപയുമാണ് പമ്പുകളിലെ കൂടിയ വില.
കോവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് സ്വകാര്യ ബസ് മേഖല കടന്നുപോയത്. മാസങ്ങളോളം ബസുകള്‍ നിരത്തിലിറങ്ങിയില്ല. പിന്നീട് ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും നിബന്ധനകളോടെയാണ് സ്വകാര്യ ബസുകള്‍ക്ക് നിരത്തിലിറങ്ങാന്‍ അനുമതി നല്‍കിയത്. ബസുകളില്‍ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയതോടെ വരുമാനവും പാതിയായി കുറഞ്ഞിരുന്നു. ഇതിനിടെയാണ് ഇന്ധനവിലയും കൂടുന്നത്. ഇതിനിടെ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ നഷ്ടക്കണക്ക് മാത്രമാണെന്ന് ബസുടമകള്‍ പറയുന്നു.
ഓട്ടോ, ടാക്സി തൊഴിലാളികളുടെയും സ്ഥിതി മോശമാണ്. കോവിഡ് മൂലം കൂടുതലായി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയതോടെ ടാക്സി വാഹനങ്ങള്‍ക്ക് പല ദിവസങ്ങളിലും ഓട്ടം ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ദിവസം മൊത്തം ഓടിയാലും ഒന്നും മിച്ചംപിടിക്കാനില്ലാത്ത സാഹചര്യമാണ്. ടൂറിസം രംഗവും പ്രതിസന്ധിയിലായതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ടാക്സി ഡ്രൈവര്‍മാരും കടുത്ത ദുരിതത്തിലാണ് കഴിയുന്നത്.
ഇന്ധന വിലവര്‍ധന കാര്‍ഷിക മേഖലയെയും സാരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. മരുന്നടി യന്ത്രമായ ഡ്രയറും പെട്രോള്‍ ഇന്ധനമായി പ്രവര്‍ത്തിപ്പിക്കുന്ന കാര്‍ഷികോപകരണമാണ്. കൂടാതെ വന്‍കിട തോട്ടങ്ങളില്‍ തേയിലക്കൊളുന്ത് എടുക്കാനുള്ള യന്ത്രവും പെട്രോളില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ട്രാക്ടറിനും ടില്ലറിനും ഇന്ധനത്തിനായി ഇനി അധികം പണം മുടക്കേണ്ടിവരും. ഏലം മേഖലയില്‍ ഏലക്ക ഉണക്കാൻ ഉപയോഗിക്കുന്ന കാര്‍ഡമം ഡ്രയറുകള്‍ ഡീസലില്‍ പ്രവര്‍ത്തിക്കുന്നവയുമുണ്ട്.
ഇന്ധന വിലവര്‍ധന മൂലം ഇത്തരം യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ ചെലവേറും. ഇന്ധന വിലവര്‍ധന വിപണിയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ലോക്ഡൗണ്‍ ഇളവിനുശേഷം സാധനങ്ങളുടെ അധികലഭ്യതയുടെ സാഹചര്യത്തില്‍ വിലക്കുറവ് വരേണ്ടതായിരുെന്നങ്കിലും ഇന്ധന വില കൂടിയതിനാല്‍ വില കുറഞ്ഞിരുന്നില്ല. പച്ചക്കറികൾക്കടക്കം വലിയ വിലവർധനവുണ്ടായത് കുടുംബ ബജറ്റുകളെയും താളംതെറ്റിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.