തൊടുപുഴ: ഭൂപതിവ് ഭേദഗതി നിയമം നിലവിൽ വരുന്നതോടെ ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ പൂർണമായി നടപ്പാകുമെന്ന ഭീകരാവസ്ഥയാണ് ജില്ലയിൽ സംജാതമാകുന്നതെന്ന് കേരള കോൺഗ്രസ്.
ഉപാധിരഹിത പട്ടയം എന്ന സ്വപ്നം എന്നന്നേക്കുമായി അവസാനിക്കുകയാണ്. പട്ടയഭൂമിയിൽ കൃഷിയും ഭവന നിർമാണവും മാത്രമേ പാടുള്ളൂ എന്ന നിയമത്തിൽ ഒരു ഭേദഗതിയും വരുത്താതെയാണ് ബിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇടുക്കിയിലെ ഭൂമി പരിസ്ഥിതിലോലമാണെന്നും ഇവിടെ സ്ഥായിയായ നിർമാണങ്ങൾ അനുവദിക്കരുതെന്നുമാണ് ഗാഡ്ഗിൽ റിപ്പോർട്ടിലുള്ളത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇടുക്കിയിൽ ഈ റിപ്പോർട്ടുകൾ നടപ്പാകും. പട്ടയമുള്ള ഭൂമിയിൽ ഇനി നിർമാണം നടത്തണമെങ്കിൽ പട്ടയ വ്യവസ്ഥകളിൽ പ്രത്യേക ഇളവ് നൽകേണ്ടിവരുന്ന സ്ഥിതി ഉണ്ടാകും. ഇതിന് ഉദ്യോഗസ്ഥരുടെ ദയാദാക്ഷിണ്യത്തിന് കർഷകർ വിധേയരാകേണ്ടി വരും. പട്ടയം ലഭിക്കാനുള്ള ഭൂമിയിൽ കൃഷിയും ഭവന നിർമാണവും അല്ലാതെ മറ്റ് ഒരു നിർമാണവും നടത്താൻ കഴിയില്ല.
മന്ത്രി റോഷി അഗസ്റ്റിനും ഇടതുമുന്നണിയും ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ ഇടുക്കിയിലെ ഓരോരുത്തരും ഭാവിയിൽ അനുഭവിക്കേണ്ടിവരും.
പുതിയ കരിനിയമത്തെക്കുറിച്ച് മുൻ എം.പി ജോയ്സ് ജോർജും ഹൈറേഞ്ച് സംരക്ഷണ സമിതിയും പ്രതികരിക്കണമെന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.