മൂന്നാർ: മൂന്നാർ ടൗണിന് സമീപം ഇക്കാനഗറിൽ മുൻ എം.എൽ.എ എസ്. രാജേന്ദ്രന്റെ കൈവശത്തിലിരുന്ന സർക്കാർ ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചു. സർവേ നമ്പർ 912ൽപെടുന്ന എട്ട് സെന്റ് സ്ഥലമാണ് കലക്ടറുടെ നിർദേശപ്രകാരം ദേവികുളം താഹസിൽദാറുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചത്.
2017ൽ ഈ ഭൂമിക്ക് പട്ടയത്തിന് രാജേന്ദ്രൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ, അപേക്ഷയിൽ പറയുന്ന സർവേ നമ്പറിൽ അങ്ങനെ ഭൂമിയില്ലെന്ന് ചൂണ്ടിക്കാട്ടി തഹസിൽദാർ അപേക്ഷ തള്ളി. ഇതിനെതിരെ ദേവികുളം സബ്കലക്ടർക്ക് പരാതി നൽകിയെങ്കിലും അതും തള്ളുകയും ഭൂമി തിരിച്ചുപിടിക്കാൻ തഹസിൽദാർക്ക് നിർദേശം നൽകുകയും ചെയ്തു. ഇതിനെതിരെ വീണ്ടും പരാതിയുമായി രാജേന്ദ്രൻ റവന്യൂ കമീഷണറെ സമീപിച്ചു. ഈമാസം 11ന് അപ്പീൽ കമീഷണർ തള്ളിയതിനെ തുടർന്നാണ് തഹസിൽദാർ വാസുദേവപിള്ള, മൂന്നാർ വില്ലേജ് ഓഫിസറുടെ ചുമതലയുള്ള എം.കെ. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച സ്ഥലത്തെത്തി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്.
സർക്കാർ ഭൂമി എന്ന ബോർഡും ഇവിടെ സ്ഥാപിച്ചു. റവന്യൂ കമീഷണർ പരാതി തള്ളിയ ഉത്തരവ് 15നാണ് രാജേന്ദ്രന് ലഭിച്ചത്. തുടർന്ന് രാജേന്ദ്രൻ വ്യാഴാഴ്ച ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിനിടെയാണ് നടപടി.
മൂന്നാർ: തനിക്ക് നിയമവഴി തേടാൻപോലും അവസരം നൽകാതെ തിടുക്കപ്പെട്ട് ഭൂമി ഏറ്റെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്. രാജേന്ദ്രൻ. പട്ടയ അപേക്ഷ റവന്യൂ കമീഷണർ തള്ളിയത് 11നാണ്. എന്നാൽ, തനിക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചത് 15നും. ഉത്തരവിനെതിരെ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് ഉദ്യോഗസ്ഥർ ഭൂമി ഏറ്റെടുത്തതായി ബോർഡ് സ്ഥാപിച്ചത്. 23 വർഷമായി തന്റെ കൈവശത്തിലുള്ള ഭൂമിയാണിത്. പട്ടയത്തിന് നൽകിയ അപേക്ഷകൾ ഓരോ കാരണം പറഞ്ഞ് തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.