കുടയത്തൂർ: വീട് വീടാന്തരം കയറി ഇറങ്ങി അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിത കർമ സേന പ്ലാസ്റ്റിക് മാത്രമേ ശേഖരിക്കുന്നുള്ളൂവെന്ന് വ്യാപക പരാതി. വീടുകളിൽനിന്ന് പ്രതിമാസം 50ഉം വ്യാപാര സ്ഥാപനങ്ങളിൽനിന്ന് 100 രൂപയുമാണ് ഫീസായി വാങ്ങുന്നത്. ഫീസ് വാങ്ങിയിട്ടും കഴുകി ഉണക്കി നൽകുന്ന പാസ്റ്റിക് മാത്രമേ ശേഖരിക്കുന്നുള്ളൂ എന്നാണ് പരാതി. വർഷത്തിൽ ഓരോ മാസവും എന്തെല്ലാം വാങ്ങണമെന്ന് കൃത്യമായ ചാർട്ട് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
ജനുവരി, ജൂലൈ മാസങ്ങളിൽ ഇലക്ട്രോണിക് വേസ്റ്റ്, ഫെബ്രുവരിയിൽ തുണി മാലിന്യം, മാർച്ച്, ഒക്ടോബർ മാസങ്ങളിൽ ആപത്കരമായ ഇ മാലിന്യങ്ങൾ (പിക്ചർ ട്യൂബ്, ബൾബ്, ട്യൂബ് ) കണ്ണാടി എന്നിവയും ഏപ്രിൽ, നവംബർ മാസങ്ങളിൽ ചെരിപ്പ്, ബാഗ്, തെർമോകോൾ, തുകൽ, കാർപെറ്റ്, അപ്ഹോൾസ്റ്റ വേസ്റ്റ്, (ഉപയോഗ ശൂന്യമായ മെത്ത, തലയണ, പ്ലാസ്റ്റിക് പായ) എന്നിവയും മേയ്, ഡിസംബർ മാസങ്ങളിൽ കുപ്പി, ചില്ലു മാലിന്യങ്ങളും ജൂണിൽ ഉപയോഗ ശൂന്യമായ വാഹന ടയറും ജൂലൈയിൽ ഇ-വേസ്റ്റും ശേഖരിക്കണം. ആഗസ്റ്റിൽ പോളി എത്തിലിൻ പ്രിന്റിങ് ഷീറ്റ്, സ്ക്രാപ് ഇനങ്ങളും ശേഖരിക്കണം.
സെപ്റ്റംബറിൽ മരുന്ന് സ്ട്രിപ്പും ശേഖരിക്കണമെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ, ഇത് സേന പാലിക്കുന്നില്ല. ഹരിത കർമ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാൻ സ്ഥല ലഭ്യതക്കുറവ് മൂലം മിക്കയിടത്തും വഴിയോരങ്ങളിൽ തള്ളുകയാണ് ചെയ്യുന്നത്. ഇതിനാൽ തന്നെ അവ നനഞ്ഞ് അഴുകാറുണ്ട്. അപ്പോൾ കിലോ ഒന്നിന് 10 രൂപ വീതം ക്ലീൻ കേരള കമ്പനിക്ക് നൽകേണ്ടിവരും. ഇത് പഞ്ചായത്തുകൾക്ക് ലക്ഷക്കണക്കിന് രൂപ ബാധ്യത വരുത്താറുണ്ട്. എന്നാൽ, കൃത്യസമയത്ത് ലോഡ് കയറ്റി വിട്ടാൽ പതിനായിരക്കണക്കിന് രൂപ മാസം വരുമാനം ഉണ്ടാക്കാനും സാധിക്കും.
പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം ഓരോ വീടുകളിൽ നിന്നും ശേഖരിച്ച് മിനി എം.സി.എഫിൽ താൽകാലികമായി സൂക്ഷിക്കുകയും ശേഷം അവ എം.എസി.എഫിലേക്ക് മാറ്റുകയും ചെയ്യും. അവ പിന്നീട് സർക്കാർ അംഗീകൃത ഏജൻസിയായ ക്ലീൻ കേരള കമ്പനിക്ക് നൽകുകയുമാണ് ചെയ്യുന്നത്. കഴുകി വൃത്തിയാക്കി നൽകുന്ന പ്ലാസ്റ്റിക്കിന് പഞ്ചായത്തിന് പണം നൽകുമ്പോൾ നനഞ്ഞ അഴുകിയവക്ക് ക്ലീൻ കേരള കമ്പനിക്ക് പണം നൽകണം. ശരാശരി 10 രൂപയാണ് ഒരു കിലോ വേസ്റ്റിന് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.