തൊടുപുഴ: വേനൽ കടുത്തതോടെ ജില്ലയിൽ ക്ഷീര മേഖല പ്രതിസന്ധി നേരിട്ടുതുടങ്ങി. ശക്തമായ ചൂടുമൂലം പാലുൽപാദനം കുറയുന്നതും പച്ചപ്പുല്ലിന്റെ ക്ഷാമവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വേനലിന് മുമ്പ് 1,70,000 ലിറ്റർ പാലാണ് ജില്ലയിൽ പ്രതിദിനം ലഭിച്ചിരുന്നത്. ഫെബ്രുവരി എത്തിയതോടെ അത് 1,50,000 ലിറ്ററായി. 20,000 ലിറ്ററിന്റെ കുറവാണ് അനുഭവപ്പെടുന്നത്. വേനൽ അധികരിക്കുമ്പോൾ പൊതുവെ പാലുൽപാദനത്തിൽ കുറവ് അനുഭവപ്പെടാറുണ്ട്.
ഏപ്രിൽ-മേയ് മാസങ്ങളിൽ ഇനിയും പാലിന്റെ അളവിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. പച്ചപ്പുല്ലിന്റെ ക്ഷാമം, വെള്ളത്തിന്റെ ലഭ്യതക്കുറവ് എന്നിവയെല്ലാം പാൽ ഉൽപാദനത്തെ ബാധിക്കാറുണ്ട്. ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ വേനൽക്കാല ഇൻസെന്റിവ് നൽകി ഇതിനെ നേരിടാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ചൂട് കൂടുന്നതിനെ തുടർന്ന് കാലികളിൽ രോഗങ്ങൾ വർധിക്കുന്നതും ആശങ്കക്കിടയാക്കുന്നു.
പശു, ആട് എന്നിവയക്ക് അണുബാധകൾ കൂടിവരുകയാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞ് അകിട് വീക്കം പോലുള്ള രോഗങ്ങൾക്കും പച്ചപ്പുല്ലിന്റെ കുറവ് ഭക്ഷണത്തിലെ പോഷകക്കുറവിനും കാരണമാകുന്നുണ്ട്. ചർമുഴ രോഗവും മറ്റൊരു വെല്ലുവിളിയാണ്. പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയതോടെ ഇതിന്റെ വ്യാപനത്തിന് തടയിടനായതായി മൃഗസംരക്ഷണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കടുത്ത താപനിലയും വരണ്ട കാലാവസ്ഥയും മനുഷ്യരേതിനേക്കാൾ കാലികളിൽ പലവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി മൃഗസംരക്ഷ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഇടുക്കിയിലെ ക്ഷീര കർഷകർ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽക്കാലത്ത് കാലികളുടെ തീറ്റയിൽ പെട്ടെന്ന് വ്യതിയാനം വരാതെ ശ്രദ്ധിക്കണം, അത്യാവശ്യമെങ്കിൽ പടിപടിയായി മാത്രം തീറ്റയിൽ മാറ്റം വരുത്തണം.
വേനൽക്കാല ഭക്ഷണത്തിൽ ഊർജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടാൻ പരുത്തിക്കുരു, സോയാബീൻ എന്നിവ ഉൾപ്പെടുത്തണം. ഖരാഹാരം രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തുക, പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ, ഈർക്കിൽ കളഞ്ഞ് മുറിച്ച ഓല എന്നിവ നൽകാം. ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നൽകണം. വേനൽക്കാലത്ത് പേൻ, ഉണ്ണി, ചെള്ള് എന്നിവയെ നിയന്ത്രിച്ചില്ലെങ്കിൽ ഗുരുതര രോഗങ്ങൾ പരക്കാൻ സാധ്യതയുണ്ട്.
ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം. വെയിലത്ത് തുറസായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. നല്ല തണലുള്ള സ്ഥലത്ത് മാത്രം നിർത്തണം. അമിതമായ ഉമിനീരൊലിപ്പിക്കൽ, തളർച്ച, പൊള്ളൽ തുടങ്ങിയ സൂര്യഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും തെരുവു മൃഗങ്ങൾക്കും പക്ഷികൾക്കുമടക്കം കുടിക്കാനുള്ള വെള്ളം ഒരുക്കി വെക്കാനുള്ള സന്മനസ്സ് ഉണ്ടാവണമെന്നും വകുപ്പ് അധികൃതർ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.