തൊടുപുഴ: സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ സാക്ഷരരായത് 1100പേർ. ജീവിതരീതിയിലും ആചാരാനുഷ്ഠാനങ്ങളിലും മറ്റ് പട്ടികവര്‍ഗ വിഭാഗങ്ങളിൽനിന്ന് ഏറെ വ്യത്യസ്തത പുലര്‍ത്തുന്നവരാണ് ഇടമലക്കുടി നിവാസികൾ. ആവാസകേന്ദ്രങ്ങളുടെ അപ്രാപ്യത കാരണം ഏറെ പിന്നിലാണ് ഇപ്പോഴും ഇടമലക്കുടി.
പൊതുസമൂഹവുമായി ഏറെ അകന്നുനിന്ന ഇടമലക്കുടി നിവാസികൾക്കായി ജില്ല പഞ്ചായത്തിെൻറ സഹായത്തോടെ നടപ്പാക്കിയ പ്രത്യേക സാക്ഷരത പദ്ധതിയിലൂടെയാണ് 1100പേർ സാക്ഷരരായത്.
ജില്ലയിലെ മറ്റ് ആദിവാസി കോളനികളിൽ നടപ്പാക്കിയ സമഗ്ര പദ്ധതിയിലൂടെ 372 പേരും സാക്ഷരത തുല്യത കോഴ്സുകളിൽ വിജയം നേടി. കൂടാതെ അന്തർ സംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കാനുള്ള ചങ്ങാതി പദ്ധതിയിലൂടെ 447പേരും പട്ടികജാതി കോളനികളിൽ നടപ്പാക്കിയ നവചേതന പദ്ധതിയിലൂടെ 96പേരും സാക്ഷരരായി.
ഒരിക്കൽ നഷ്ടപ്പെട്ടുവെന്ന് കരുതിയ വിദ്യാഭ്യാസം പലർക്കും തിരിച്ചുപിടിക്കാൻ കഴിഞ്ഞുവെന്നതാണ് സാക്ഷരതയുടെ ജനപ്രീതിക്ക് കാരണം.1990-91 കാലഘട്ടത്തിലാണ് ജില്ലയിൽ സാക്ഷരത പ്രവർത്തനം കരുത്താർജിച്ചത്.
1991 ഏപ്രിൽ 18ന് കേരളം സമ്പൂർണ സാക്ഷരത നേടിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമായി പ്രഖ്യാപിച്ചപ്പോൾ ഇടുക്കിയുടെ സാക്ഷരത നിരക്ക് 86.94 ആയിരുന്നു.
ഇപ്പോഴത്തെ നിരക്ക് 92.2 ശതമാനമാണ്. തുല്യത നാലാംതരത്തിൽ 6219 പേരും ഏഴാംതരത്തിൽ 2749 പേരും പത്താം തരത്തിൽ 2803 പേരും ഹയർ സെക്കൻഡറിയിൽ 1436 പേരും ഇക്കാലയളവിൽ സാക്ഷരത മിഷെൻറ ഭാഗമായി വിദ്യാഭ്യാസ അവസരം തിരികെപ്പിടിച്ചു.
തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സാക്ഷരത തുല്യത പഠനം പൂർത്തിയായവർക്ക് തൊഴിലധിഷ്ഠിത സാക്ഷരത നൽകുകയെന്ന ലക്ഷ്യത്തോടെ ദേശീയ ഓപൺ സ്കൂളിെൻറയും സംസ്ഥാന സർക്കാറിെൻറ കീഴിലുള്ള സി.ഡിറ്റിെൻറയും അംഗീകാരത്തോടെ 13500 പേർക്ക് കമ്പ്യൂട്ടർ സാക്ഷരതയും വിവിധ ഡിപ്ലോമകളും നൽകാനായി.
സാക്ഷരത മിഷെൻറ വിവിധ തുല്യത കോഴ്സുകൾ വിജയിച്ച് സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്ന 400ലധികം പേർക്ക് ഔദ്യോഗിക സ്ഥാനക്കയറ്റം ലഭിച്ചതും നേട്ടമാണ്. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖാന്തരം 22പേർക്ക് ജോലിലഭിച്ചതും തുല്യത കോഴ്സുകൾ മുഖാന്തരം നേടിയ യോഗ്യതമൂലമാണ്.
ജില്ലയിലെ സാക്ഷരത പ്രവർത്തനങ്ങളിലെ മികവുകൾക്കുള്ള അംഗീകാരമായി 2004ൽ ദേശീയ സാക്ഷരത മിഷെൻറ പ്രഥമ സത്യൻ മൈത്ര അവാർഡും 1999ലെ സംസ്ഥാന സർക്കാറിെൻറ അവാർഡും ജില്ലക്ക് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.