ഒരു നാടിെൻറ വളർച്ചക്ക് ആദ്യമായി വേണ്ടത് അവിടുത്തെ അടിസ്ഥാന സൗകര്യവികസനമാണ്. ഗതാഗതയോഗ്യമായ റോഡുകൾ ഉൾപ്പെടെ യാത്രാസൗകര്യം, കുടിവെള്ളം, വൈദ്യുതി, ബദൽ തൊഴിൽ മേഖലകൾ, സ്വയംതൊഴിൽ സാധ്യതകൾ, പാർപ്പിടം, ആരോഗ്യകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ ശക്തമാകുേമ്പാഴാണ് അവിടുത്തെ ജനതയും അവരുടെ ജീവിതവും വളർച്ച പ്രാപിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇടുക്കി വളരെ മുന്നോട്ട് പോയെങ്കിലും റോഡ്, വൈദ്യുതി, വാർത്തവിനിമയ സംവിധാനങ്ങൾ എന്നിവ അപ്രാപ്യമായ ഇടങ്ങൾ ജില്ലയിൽ ഇപ്പോഴുമുണ്ട്.
സമഗ്ര വികസനവും പുരോഗതിയും മുന്നിൽക്കണ്ട് തയാറാക്കിയ ഇടുക്കി പാക്കേജിനെയാണ് ഇപ്പോൾ നാട് ഏറെ പ്രതീക്ഷയോടെ കാണുന്നത്. അഞ്ചുവർഷം കൊണ്ട് 12,000 കോടിയാണ് ഇൗ പാക്കേജിെൻറ ഭാഗമായി ജില്ലയിൽ ചെലവഴിക്കുക. ഇടുക്കിയുടെ കാർഷിക മേഖലക്ക് നിലവിലെ ബജറ്റ് വിഹിതം 30 കോടിയാണ്. ഇത് പ്രതിവർഷം 100 കോടിയായി ഉയർത്തുമെന്നും പാക്കേജ് വാഗ്ദാനം ചെയ്യുന്നു. ജില്ലയുടെ സർവതലസ്പർശിയായ സമഗ്രവികസനത്തിന് ഉതകുന്ന പദ്ധതികൾ ഇതുവഴി സാധ്യമാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. ഇടുക്കിയിൽ പലപ്പോഴായി പ്രഖ്യാപിച്ച പാക്കേജുകൾ പലതും ഫലം കാണാതിരിക്കുേമ്പാൾ 2021ലെ വികസന പാക്കേജ് പൂർണമായി നടപ്പാക്കണമെന്നാണ് മലയോര നിവാസികൾ ആവശ്യപ്പെടുന്നത്.
പൂർണസജ്ജമാകുമോ മെഡിക്കൽ കോളജ് ?
ജില്ലയുടെ ആരോഗ്യരംഗത്ത് വലിയ കുതിച്ചുചാട്ടമായിരുന്നു 2014ൽ പൈനാവിലെ മെഡിക്കൽ കോളജിെൻറ പ്രഖ്യാപനം. എന്നാൽ, ഇപ്പോഴും ഇത് പൂർണാർഥത്തിൽ മെഡിക്കൽ കോളജായി മാറിയില്ല. അടിസ്ഥാന സൗകര്യങ്ങളടക്കം ഒരുക്കി നൽകുന്നതിലെ വീഴ്ചമൂലം പലതവണ അംഗീകാരം നേടുന്നതിൽനിന്ന് പിറകോട്ട് പോയി. ജില്ലയിൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്ന ആതുര ചികിത്സ കേന്ദ്രമായി മെഡിക്കൽ കോളജ് മാറാനുണ്ട്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇടുക്കി മെഡിക്കൽ കോളജിനെ പൂർണസജ്ജമാക്കാൻ കഴിയുമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ജില്ല നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് അർബുദ ചികിത്സ. ഇടുക്കിയിൽ ചികിത്സക്കുള്ള ഒരു സൗകര്യവുമില്ല.
അർബുദമടക്കമുള്ള രോഗങ്ങൾ നേരത്തേ കണ്ടെത്താനുള്ള സൗകര്യവും അപര്യാപ്തമാണ്. ജില്ലയിൽ അർബുദബാധിതരുെട എണ്ണം ഒാരോ ദിവസവും വർധിച്ചുവരുന്നതായാണ് ആരോഗ്യവകുപ്പിെൻറ കണക്ക്. തൊടുപുഴ ജില്ല ആശുപത്രിയിൽ കീമോ തെറപ്പി യൂനിറ്റ് ഉണ്ടെങ്കിലും കൃത്യമായ രോഗനിർണയത്തിനും ചികിത്സക്കും സംവിധാനമില്ല. ജില്ലയിൽനിന്നുള്ള രോഗികൾക്ക് ഏറ്റവും അടുത്തുള്ള ചികിത്സ കേന്ദ്രം 100 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജോ എറണാകുളം ജില്ലയിലെ ആശുപത്രികളോ ആണ്.
വൈദ്യുതി ലഭിക്കാതെ 750ഓളം ആദിവാസി കുടുംബങ്ങൾ
മറയൂർ, മാങ്കുളം, ഇടമലക്കുടി എന്നിവിടങ്ങളിലെ 750ഓളം ആദിവാസി കുടുംബങ്ങളിൽ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. വനത്തിനുള്ളിലൂടെ പോസ്റ്റിട്ട് ലൈൻ വലിച്ച് വൈദ്യുതി എത്തിക്കുന്നതാണ് കെ.എസ്.ഇ.ബിക്ക് മുന്നിലെ പ്രധാന തടസ്സം. വിദൂര ആദിവാസി കോളനിയിലടക്കം വൈദ്യുതി എത്തിക്കുന്നതിന് ൈവദ്യുതി വകുപ്പ് നേരത്തേ 10 കോടിയുടെ സോളാർ പദ്ധതിക്ക് രൂപം നൽകിയിരുന്നു. പട്ടികവർഗ വകുപ്പോ എം.പി, എം.എൽ.എ ഫണ്ടുകളിൽനിന്നോ പഞ്ചായത്തോ തുക അനുവദിച്ചാലേ പദ്ധതി നടപ്പാക്കാനാകൂ.
വീടുകളിൽ ൈവദ്യുതി ഇല്ലാത്തത് ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസത്തെയടക്കം ബാധിച്ചിട്ടുണ്ട്. മറയൂര്‍ പഞ്ചായത്തിലെ തായണ്ണന്‍കുടി, ആലാംപെട്ടി, മുളകാമുട്ടി, പുതുക്കുടി, ഇരുട്ടള, വെള്ളക്കല്ല്, കാന്തല്ലൂര്‍ പഞ്ചായത്തിലെ ചമ്പക്കാട്, പാലപ്പെട്ടി തുടങ്ങിയ ആദിവാസിക്കുടികളിൽ വൈദ്യുതി ഇല്ല. ആദിവാസി മേഖലകളിൽതന്നെ ലൈൻ വലിച്ച് വൈദ്യുതി എത്തിക്കാവുന്ന കുറച്ചു വീടുകളുണ്ട്. ഇവിടങ്ങളിൽ വൈദ്യുതി എത്തിക്കാനുള്ള നടപടികളുടെ ഭാഗമായി സർവേ ആരംഭിച്ചിട്ടുണ്ടെന്നും വൈകാതെ എത്തിച്ച് നൽകുമെന്നും കെ.എസ്.ഇ.ബി അധികൃതർ ചൂണ്ടിക്കാട്ടി.
പ്രതീക്ഷയിൽ ടൂറിസം മേഖല
ദേശീയ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള മൂന്നാർ, തേക്കടി, വാഗമൺ, ഇടുക്കി തുടങ്ങിയ ഭൂപ്രദേശങ്ങൾ മാത്രമല്ല ഹൈറേഞ്ചിലെ ഓരോ ഗ്രാമപ്രദേശങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.
ഈ സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന കാര്യത്തിൽ പ്രധാന വെല്ലുവിളിയുള്ളത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ്. നല്ല റോഡുകൾ എന്നത് പലയിടത്തും സ്വപ്നമായി ഇപ്പോഴും അവശേഷിക്കുന്ന കാര്യമാണ്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള റോഡ് നിർമാണത്തിന് ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി പ്രാധാന്യം നൽകുമെന്ന പ്രഖ്യാപനം ആശ്വാസം പകരുന്നതാണ്.ഇതുകൂടാതെ പൊതുമരാമത്ത് വകുപ്പ് 245 കോടിയുടെ റോഡുകളും പാലങ്ങളും നിർമിച്ചുകൊണ്ടിരിക്കുന്നുണ്ട്. മറ്റൊരു 250 കോടിയുടെ പ്രവൃത്തികൾ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഏറ്റെടുക്കുമെന്നും അധികൃതർ പറയുന്നു. ഓരോ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും ടൂറിസം കേന്ദ്രങ്ങൾ എന്ന ടൂറിസം വകുപ്പിെൻറ പുതിയ പദ്ധതിയും ഇടുക്കിയുടെ വിനോദ സഞ്ചാരമേഖലക്ക് കുതിപ്പേകും.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.