ഇടുക്കിയെ കുറിച്ച് കെ.ജി. സൈമൺ(റിട്ട. എസ്.പി) സംസാരിക്കുന്നു. (കൂടത്തായി കൊലപാതകം, വണ്ടിപ്പെരിയാറിലെ അമ്മയുടെയും മകളുടെയും കൊലപാതകം, ഈരാറ്റുപേട്ടയിൽ തെരുവിൽ അലയുന്ന സ്ത്രീകളുടെ കൊലപാതകം തുടങ്ങി കെ.ജി. സൈമൺ 35 വർഷത്തെ സർവിസിൽ തെളിയിച്ചത് 52 കേസുകൾ. രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡല്‍, സ്തുത്യര്‍ഹ സേവാ മെഡല്‍, ബാഡ്ജ് ഓഫ് ഓണര്‍ തുടങ്ങി 200ഓളം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്)
മുട്ടം എള്ളുംപുറത്താണ് ജനനം. കോട്ടയം, എറണാകുളം ജില്ലയിൽ പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച് 87-88 കാലഘട്ടങ്ങളിലാണ് നെടുങ്കണ്ടം സ്റ്റേഷനിൽ എസ്.ഐയായി എത്തുന്നത്. അന്ന് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു ജില്ല നേരിടുന്ന പ്രധാന പ്രശ്നം. വഴിയോ വൈദ്യുതി-വാർത്ത മിനിമയ സംവിധാനങ്ങളോ പോലുമില്ലാത്ത കാലം. 89ൽ ഒരു വലിയ പ്രകൃതിക്ഷോഭം ജില്ലയിലുണ്ടായി. അന്നാണ് മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണൻ നെടുങ്കണ്ടം സ്റ്റേഷൻ സന്ദർശിച്ചത്. അദ്ദേഹത്തിന് തിരുവന്തപുരത്തേക്ക് അത്യാവശ്യമായി വിളിക്കണം. ടെലിഫോൺ കിട്ടുന്നില്ല. ട്രങ്ക് കോളായിരുന്നു ആശ്രയം. കനത്ത മഴയും കാറ്റും മൂലം ഇതും ലഭിക്കുന്നില്ല. പൊലീസിന്റെ വയർലസ് വഴി പലയിടങ്ങളിൽ കണക്ട് ചെയ്താണ് ഒടുവിൽ കോൾ ലഭിച്ചത്. സ്റ്റേഷനിലിരുന്ന് അദ്ദേഹം വിളിക്കുന്നതും ഫയലുകൾ ആവശ്യപ്പെടുന്നതും ഓർക്കുമ്പോൾ കാലം എത്രവേഗമാണ് നമ്മുടെ നാടിനെ മാറ്റിയെടുത്തത് എന്ന് തോന്നാറുണ്ട്. നെടുങ്കണ്ടം, ശാന്തമ്പാറ, വെള്ളയത്തൂവൽ, അടിമാലി, ഇടുക്കി, ദേവികുളം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലൊക്കെ സി.ഐയായും ഡിവൈ.എസ്.പിയായും ജോലി ചെയ്തിട്ടുണ്ട്.
കൃഷിക്കാരാണ് ജില്ലയിൽ അന്ന് കൂടുതലും. അവരെ മനസ്സിലാക്കാൻ നാട്ടുകാരനായ എനിക്ക് കഴിഞ്ഞിരുന്നു. കുരുമുളകിന് നല്ല വിലയുണ്ടായിരുന്ന സമയത്ത് പെട്ടന്ന് ഒരു വിലയിടിവുണ്ടായി. അത് കർഷകർക്ക് വലിയ വെപ്രാളമുണ്ടാക്കി. അവരുടെ പ്രശ്നങ്ങളൊക്കെ സ്റ്റേഷനിൽ വന്ന് പറയുമായിരുന്നു. അന്നൊക്കെ ഇടുക്കിയുടെ പല മലമടക്കുകളിലും കഞ്ചാവ് സുലഭമായിരുന്നു. അബ്കാരി കേസിലാണ് അന്ന് കഞ്ചാവ് ഉൾപ്പെട്ടിരുന്നത്. പരിശോധന നടത്തി പല കഞ്ചാവ് തോട്ടങ്ങളും വെട്ടിനശിപ്പിച്ചിട്ടുണ്ട്. അതിന് പുരസ്കാരങ്ങളും ലഭിച്ചു. ജനങ്ങളുമായി നല്ല ബന്ധമുണ്ടായിരുന്നു. ആദ്യം എന്തെങ്കിലും ഉണ്ടെങ്കിൽ അവർ ഓടിയെത്തുന്നത് സ്റ്റേഷനിലായിരുന്നു. പല പ്രശ്നങ്ങളും സ്റ്റേഷനിൽതന്നെ പരിഹരിക്കുകയും ചെയ്യുമായിരുന്നു. മൂന്നാറിൽ ഇൻസ്പെക്ടറായിരിക്കെ പ്രതികളെക്കുറിച്ച് ഒരു തുമ്പും കിട്ടാത്ത ഏഴു കേസുകൾ ഒരു വർഷത്തിനുള്ളിൽ തെളിയിച്ചതിന് മെറിറ്റോറിയിൽ സർവിസ് എൻട്രി ലഭിച്ചിരുന്നു.
പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പൊലീസുകാരനായി സ്വന്തം നാട്ടിൽ ജോലി ചെയ്താൽ പരിചയക്കാരൊക്കെ നിരന്തരം ശിപാർശയുമായി വരുമെന്ന്. എനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല. പരിചയത്തിന്റെ പേരിൽ കേസുകളുമായി ബന്ധപ്പെട് ആരെങ്കിലും വന്നാൽ നിലവിലെ സ്ഥിതി പറഞ്ഞ് മനസ്സിലാക്കും. അവരത് കേട്ട് മടങ്ങും. ഇന്ന് ജില്ല വളർച്ചയുടെ പാതയിലാണ്. എല്ലാ പ്രദേശങ്ങളും നയനമനോഹരമാണ്. വാഗമണ്ണിനെയടക്കം മികച്ച കേന്ദ്രമാക്കി മാറ്റാൻ കഴിഞ്ഞത് നേട്ടമാണ്. ഇനിയും മികച്ച ടൂറിസം കേന്ദ്രങ്ങൾ പല പ്രദേശങ്ങളും ഉയർന്നുവരേണ്ടതുണ്ട്. ഇത് നാടിന്റെ വികസനത്തിനുതന്നെ മുതൽകൂട്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.