ഇടുക്കി: കോടികൾ മുടക്കി പണിത മനോഹരമായ കെട്ടിടം. അതിൽ സന്ദശകരെ കാത്തിരിക്കുന്ന പത്തോളം ഗാലറികൾ. ഇടുക്കി ജില്ലയിലെ ആദിവാസികളുടെയും കുടിയേറ്റക്കാരുടെയും ടൂറിസം മേഖലയുടെയും ചരിത്രവും പൈതൃകവും ഗാലറികളിലുണ്ട്. പക്ഷേ, ഉദ്ഘാടനം കഴിഞ്ഞ് വർഷം മൂന്ന് പിന്നിട്ടിട്ടും ഇടുക്കി ജില്ല പൈതൃക മ്യൂസിയം സന്ദർശകർ പോലുമില്ലാതെ നാശത്തിന്റെ വക്കിലേക്ക് നീങ്ങുന്നു.
പൈനാവിൽ ജില്ലാ പഞ്ചായത്ത് കാര്യാലയത്തോടനുബന്ധിച്ചാണ് രണ്ടര കോടി മുടക്കി പൈതൃക മ്യൂസിയം പണിതിരിക്കുന്നത്. ടിക്കറ്റ് നൽകാൻ സംവിധാനമോ സ്ഥിരം ജീവനക്കാരോ ഇല്ലാതെ നാശത്തിലേക്ക് നീങ്ങുകയാണ് ജില്ലയുടെ അഭിമാനമാകേണ്ട സ്ഥാപനം. ചരിത്രാതീത ഗാലറി, കുടിയേറ്റ ഗാലറി, ആദിവാസി ഗാലറികൾ, കൊളോണിയലിസ്റ്റ് ഗാലറികൾ, ടൂറിസം ഗാലറി എന്നിങ്ങനെ പത്തോളം വിഭാഗങ്ങളാണ് സംസ്ഥാന പുരാവസ്തു വകുപ്പ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
കടന്നപ്പള്ളി രാമചന്ദ്രൻ പുരാവസ്തു വകുപ്പ് മന്ത്രിയായിരിക്കെയാണ് പൈതൃക മ്യൂസിയം സ്ഥാപിച്ചത്. 2021 ഫെബ്രുവരിയിൽ വിവിധ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ, ഇതുവരെ നിയമനം നടത്തുകയോ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇടുക്കി ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ കയറിയെങ്കിലായി.
ഇവിടെ ഇങ്ങനെയൊരു സംഭവം ഉള്ള വിവരം പോലും പലർക്കും അറിയില്ല. കഴിഞ്ഞ ഒരു വർഷത്തോളമായി സന്ദർശകർക്ക് കൃത്യമായി തുറന്നു കൊടുക്കുകയോ ഗാലറികൾ ശുചിയാക്കുകയോ ചെയ്യുന്നില്ല. സന്ദർശകർക്ക് പ്രവേശനം വല്ലപ്പോഴും മാത്രം. അപ്പോഴും പല മുറികളും അടഞ്ഞുകിടക്കും.
ടിക്കറ്റ് സംവിധാനം ഏർപ്പെടുത്താത്തതിനാലും വേണ്ടത്ര പ്രചാരണമില്ലാത്തതിനാലും നിത്യേന ആയിരങ്ങളാണ് സർക്കാറിന് നഷ്ടം. മ്യൂസിയത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഈ വഴിക്ക് തിരിഞ്ഞുനോക്കിയിട്ട് മാസങ്ങളായെന്ന ആക്ഷേപവുമുണ്ട്. എന്നാൽ പുരാവസ്തു വകുപ്പിന്റെ ഈ മ്യൂസിയത്തോട് ചേർന്ന് 2022ൽ സ്ഥാപിച്ച പുരാരേഖാ വകുപ്പിന്റെ മ്യൂസിയം നല്ല നിലയിൽ നടന്നു വരുമ്പോഴാണ് പുരാവസ്തു വകുപ്പിന്റെ ഈ അലസത. വകുപ്പ് മന്ത്രിയുടെ പാർട്ടിയായ ഐ.എൻ.എല്ലിന്റെ ജില്ലാ നേതാക്കൾ പലതവണ മന്ത്രി തലത്തിലും ഉദ്യോഗസ്ഥലത്തിലും പരാതികൾ ഉന്നയിച്ചെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല. കാലാവധി തീരാൻ പോകുന്ന മന്ത്രിയുടെ പാർട്ടി നേതാക്കളെ മുഖവിലക്കെടുക്കേണ്ടെ നിലപാടാണ് ചില ഉദ്യോഗസ്ഥർക്കെന്ന് അവരും പരാതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.