കട്ടപ്പന: കലക്കൻ രാപ്പകലുകളാൽ കിഴക്കൻ മലയോരത്തെ തുടികൊട്ടിയുണർത്തിയ നാല് നാളുകൾക്ക് ഇന്ന് സമാപനം. 34ാമത് റവന്യൂ ജില്ല കലോത്സവത്തിന് വെള്ളിയാഴ്ച കൊടിയിറക്കം. സമാപന സമ്മേളനം ജില്ല ആസൂത്രണ സിമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും. അപ്പീലുകളും ആക്ഷേപങ്ങളും സംഘർഷവും പിന്നെ മഴയുംകൊണ്ട് സംഭവബഹുലമായ മൂന്നാം നാളും എതിരാളികളെ ബഹുദൂരം പിന്നിലാക്കി തൊടുപുഴ ഉപജില്ലയുടെ മുന്നേറ്റമായിരുന്നു.
വിധി നിർണയത്തെക്കുറിച്ച് ആദ്യ ദിവസം മുതൽ പരാതികളുടെ പ്രവാഹമായിരുന്നു. മൂന്നാം നാൾ പരാതി സംഘർഷമായി. 39 അപ്പീലുകളിൽ ഏറെയും മൂന്നാം ദിവസമായിരുന്നു.
782 പോയന്റുമായാണ് തൊടുപുഴ കുതിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള കട്ടപ്പനക്ക് 696 പോയന്റുണ്ട്. 661 പോയന്റുമായി നെടുങ്കണ്ടമാണ് മൂന്നാമത്. അടിമാലി (607), പീരുമേട് (568), അറക്കുളം (471), മൂന്നാർ (153) എന്നിങ്ങനെയാണ് പോയന്റ് നില.
യു.പി വിഭാഗത്തിൽ എസ്.എം.യു.പി.എസ് മറയൂരാണ് ഏറ്റവും കൂടുതൽ പോയന്റ് നേടിയത്. ഹൈസ്കൂൾ വിഭാഗത്തിൽ ആതിഥേയരായ കട്ടപ്പന ഓശ്ശാനം ഇ.എം.എച്ച്.എസ്.എസാണ് മുന്നിൽ. ഹയർ സെക്കൻഡറി സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ് അട്ടപ്പള്ളമാണ് ഒന്നാമത്.
വ്യാഴാഴ്ച സന്ധ്യയോയടടുത്ത് പെയ്ത കനത്ത മഴയിലും വേദികൾ സജീവമായിരുന്നു. ഉച്ചതിരിഞ്ഞതു മുതൽ ആകാശം മൂടിക്കെട്ടി നിൽക്കുകയായിരുന്നു. ഏഴ് ഉപജില്ലകളിൽനിന്ന് 4,000ഓളം കലാപ്രതിഭകൾ മാറ്റുരച്ച കലോത്സവത്തിന് വെള്ളിയാഴ്ച ഉച്ചയോടെ കൊടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.