വണ്ണപ്പുറം: പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുവാദത്തിന് റവന്യൂ വകുപ്പിന് അപേക്ഷ നൽകി കാത്തിരിക്കുന്നവർ നിരവധി. തേക്ക് ഉൾപ്പെടെ മരങ്ങൾ മുറിക്കാനാണ് റവന്യൂ വകുപ്പ് അനുമതി നൽകാത്തത്.
റിസർവ് വനത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലെ പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ വനം വകുപ്പിൽനിന്ന് കട്ടിങ് പെർമിറ്റും ട്രാൻസിറ്റ് പെർമിറ്റും വാങ്ങണമെന്ന നിബന്ധനയാണ് കർഷകർക്ക് വിനയായത്. അനുമതി കിട്ടണമെങ്കിൽ മരം പട്ടയഭൂമിയിൽ നിൽക്കുന്നതാണെന്ന് വില്ലേജ് ഒഫിസർ സാക്ഷ്യപത്രം നൽകണം. എന്നാൽ, ഇങ്ങനെ കിട്ടുന്ന അപേക്ഷകൾ വില്ലേജിൽ സ്വീകരിച്ച് താലൂക്ക് ഓഫിസിലേക്ക് അയച്ച് കൈകഴുകുകയാണ്. അവിടെനിന്ന് കലക്ടറേറ്റിലേക്ക് കൈമാറുന്നു. എന്നാൽ, മാസങ്ങൾ പലതു കഴിഞ്ഞിട്ടും അപേക്ഷകളിൽ തീരുമാനം എടുക്കാതെ ഉദ്യോഗസ്ഥർ കർഷകരെ ബുദ്ധിമുട്ടിക്കുകയാണ്. റവന്യൂ-വനം വകുപ്പുകൾ ഒത്തുകളിച്ച് കർഷകരെ ഉപദ്രവിക്കുകയാണെന്ന് പരാതി ഉയർന്നു.
2005ലെ വനേതര ഭൂമിയിൽ മരം നട്ടുവളർത്തൽ പ്രോത്സാഹന നിയമത്തിലെ സെക്ഷൻ ഒമ്പതിൽ വനഭൂമിക്കു സമീപത്തുള്ള പട്ടയഭൂമിയിലെ മരം മുറിക്കാൻ കട്ടിങ് പെർമിറ്റും ട്രാൻസിറ്റ് പെർമിറ്റും വാങ്ങണമെന്ന നിബന്ധനയാണ് സ്വന്തം പട്ടയഭൂമിയിൽ നട്ടുപരിപാലിച്ച തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുവിൽക്കാൻ കർഷകർക്ക് തടസ്സമായി വനംവകുപ്പ് പറയുന്നത്. എന്നാൽ, ഇത്തരം അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കാനുള്ള സൗകര്യം വനംവകുപ്പ് ഏർപ്പെടുത്തിയിട്ടില്ല. ഇതോടെ പട്ടയഭൂമിയിലെ തേക്കുമുറിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും റവന്യൂ വകുപ്പിന്റെയും കാലുപിടിക്കേണ്ട അവസ്ഥയാണ്. എന്നാൽ, പട്ടയഭൂമിയിലെ മരം മുറിക്കാൻ അവ നിൽക്കുന്നത് പട്ടയഭൂമിയിലാണെന്ന സാക്ഷ്യപത്രം വില്ലേജിൽനിന്ന് വാങ്ങി ട്രാൻസിറ്റ് പെർമിറ്റിന് റേഞ്ച് ഓഫിസർക്ക് അപേഷ നൽകിയാൽ 20 ദിവസത്തിനുള്ളിൽ അനുമതി കിട്ടിയില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കാമെന്നുമാണ് നിയമം.
അതിനാൽ കർഷകർ നിയമങ്ങൾ സംബന്ധിച്ച് ബോധവാന്മാരാകണമെന്നും അനാവശ്യ തടസ്സങ്ങൾ ഉന്നയിക്കുന്ന ഉദ്യോഗസ്ഥരോട് നിയമം അറിഞ്ഞുതന്നെ കർഷകർ പ്രതികരിക്കണമെന്നും കർഷക യൂനിയൻ എം വണ്ണപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടയഭൂമിയിലെ മരം മുറിക്കാൻ ഇപ്പോഴും തടസ്സം ഉന്നയിക്കുന്നത് വണ്ണപ്പുറം നെയ്യശ്ശേരി വില്ലേജിൽ മാത്രമാണെന്നും ഇത് കർഷകദ്രോഹ നടപടിയാണെന്നും യോഗം വിലയിരുത്തി. കേരള കോൺഗ്രസ് എം രാഷ്ട്രീയകാര്യ സമിതി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് മാമല അധ്യക്ഷത വഹിച്ചു. ജോജോ അറയ്ക്കക്കണ്ടം, പി.ജി. ജോയി, പി.ജി. സുരേന്ദ്രൻ, ജോണി മുണ്ടക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.