കാഞ്ഞാർ: 10 വർഷത്തിലധികമായി തകർന്ന് കിടക്കുന്ന ഇലവീഴാപ്പൂഞ്ചിറ റോഡിന് ശാപമോക്ഷം ലഭിക്കുന്നു. 60 ലക്ഷം മുടക്കി റോഡ് ഗതാഗതയോഗ്യമാക്കാനാണ് നടപടിയായത്. മെറ്റൽ വിരിക്കൽ 30ന് ആരംഭിക്കും. അതിനുശേഷം ടാർ ചെയ്യും. കൂവപ്പള്ളി-ചക്കിക്കാവ്-ഇലവീഴാപ്പൂഞ്ചിറ റോഡിൽ ചക്കിക്കാവ് മുതലുള്ള ഒന്നര കിലോമീറ്ററാണ് ഗതാഗതയോഗ്യമാക്കുന്നത്.
ആയിരക്കരണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന ഇടമാണ് ഇലവീഴാപ്പൂഞ്ചിറ. റോഡ് തകർന്ന് കിടന്നിട്ടും ഓഫ് റോഡ് സവാരി നടത്തി നൂറുകണക്കിന് സഞ്ചാരികൾ പൂഞ്ചിറ കണ്ട് മടങ്ങുന്നുണ്ട്. ഇലവീഴാപ്പൂഞ്ചിറക്കുള്ള റോഡിൽ 1.5 കിലോമീറ്റർ മാത്രമാണ് പൂർത്തിയാകാതെ അവശേഷിക്കുന്നത്. 11 കിലോമീറ്ററുള്ള കാഞ്ഞാർ-കൂവപ്പള്ളി-ചക്കിക്കാവ്-ഇലവീഴാപ്പൂഞ്ചിറ-മേലുകാവ് റോഡിന്റെ അഞ്ചര കിലോമീറ്റർ റോഡ് ഏറെക്കാലമായി തകർന്ന് കിടക്കുകയായിരുന്നു. ഇതിൽ മാണി സി. കാപ്പൻ എം.എൽ.എ ഇടപെട്ട് കോട്ടയം ജില്ല അതിർത്തിയിൽ വരുന്ന റോഡ് ബി.എം ബി.സി നിലവാരത്തിൽ ടാറിങ് നടത്തി നവീകരിച്ചു. ഇടുക്കി ജില്ലയുടെ ഭാഗമായ ഇലവീഴാപ്പൂഞ്ചിറക്കുള്ള 1.5 കിലോമീറ്റർ റോഡാണ് പൂർത്തിയാകാനുള്ളത്. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ ഇതുവഴി ഗതാഗതം ദുഷ്കരമാണ്. ഇടുക്കി ജില്ലയിലെത്തുന്നവരും കോട്ടയം ജില്ലയിലെ കാഞ്ഞിരംകവലയിലെത്തി ഇവിടെനിന്നു ഇലവീഴാപ്പൂഞ്ചിറയിലേക്ക് പോകണ്ട ഗതികേടിലാണ്.
1.5 കിലോമീറ്റർ റോഡ് പൂർത്തിയാക്കിയാൽ വാഗമൺ യാത്രക്കാർക്ക് നാല് കിലോമീറ്റർ യാത്രചെയ്താൽ ഇലവീഴാപ്പൂഞ്ചിറയിലെത്താം. റോഡ് പൂർത്തിയാക്കിയാൽ കാഞ്ഞാറിൽനിന്നു ഇലവീഴാപ്പൂഞ്ചിറ വഴി കാഞ്ഞിരംകവലയിൽ എത്താനും സാധിക്കും. ഇത് ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്ക് 10 കിലോമീറ്ററിലേറെ ലാഭിക്കാൻ കഴിയും.
ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽ ടൂറിസം പദ്ധതിക്ക് ഈ റോഡ് ഏറെ ഗുണകരമാകും. കൂടാതെ രണ്ടു ജില്ലകളെ കൂട്ടിയോജിപ്പിക്കുന്ന ഹൃസ്വദൂര റോഡായി ഇത്
മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.