പനിബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്കൂളുകളിലും ഓഫിസുകളിലും വീടുകളിലും ഞായറാഴ്ച ഡ്രൈഡേ ആചരിക്കാനും മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ സജീവമാക്കാനും തീരുമാനം. പകർച്ചവ്യാധികൾ, പനി തുടങ്ങിയ കാര്യങ്ങളിൽ പാലിക്കേണ്ട ജാഗ്രത നിർദേശങ്ങൾ സംബന്ധിച്ച് കലക്ടറുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത വകുപ്പ് മേധാവികളുടെയും തദ്ദേശസ്ഥാപന പ്രതിനിധികളുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, എലിപ്പനി എന്നിവയാണ് വ്യാപകമായി കണ്ടുവരുന്നത്. ജില്ലയിലെ മുഴുവൻ സ്കൂളിലും വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, ആരോഗ്യ വകുപ്പ് എന്നിവ സഹകരിച്ച് ക്ലീൻ ഡ്രൈവ് നടത്തണമെന്ന് കലക്ടർ ഷീബ ജോർജ് നിർദേശിച്ചു.
അസുഖമുള്ള കുട്ടികൾക്ക് ക്ലാസിൽനിന്ന് നിർബന്ധമായും അവധികൊടുക്കാൻ അധ്യാപകർക്ക് നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡെ. ഡയറക്ടറോട് കലക്ടർ ആവശ്യപ്പെട്ടു. കുട്ടികൾക്ക് പനിയുണ്ടെങ്കിൽ മൂന്നു മുതൽ അഞ്ച് ദിവസം സ്കൂളിൽ അയക്കരുത്.
നിർബന്ധമായും ചികിത്സ തേടണം. രോഗവിവരം സ്കൂളിൽനിന്നും അന്വേഷിക്കണം. അസാധാരണമായി എന്തെങ്കിലും അസുഖങ്ങൾ കണ്ടാൽ ഉടൻ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശത്തെ മെഡിക്കൽ ഓഫിസറെ അറിയിക്കണം.
വിദ്യാലയങ്ങളുടെ പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങളില്ല എന്ന് ഉറപ്പ് വരുത്തണം. ഇതിന് എല്ലാ വെള്ളിയാഴ്ചയും സ്കൂളുകളിൽ ഡ്രൈഡേ ആചരിക്കണം. കുട്ടികൾ അവരുടെ വീട്ടിൽ എല്ലാ ഞായറാഴ്ചയും ഡ്രൈഡേ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
മാസ്ക് നിർബന്ധം
കുടിവെള്ള ടാങ്കുകൾ കഴുകി വൃത്തിയാക്കണം.
ഡേറ്റ ബുക്ക് സൂക്ഷിക്കണം
പകര്‍ച്ചവ്യാധി പിടിപെടുന്ന കുട്ടികൾ, ജീവനക്കാർ, അധ്യാപകർ എന്നിവരുടെ വിശദവിവരങ്ങള്‍ രേഖപ്പെടുത്താൻ ഓരോ സ്കൂളിലും ഡേറ്റ ബുക്ക് സൂക്ഷിക്കണം. ഡ്രൈഡേ ആചരണം, ശുചീകരണ പ്രവര്‍ത്തനങ്ങൾ എന്നിവയിൽ എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്, സോഷ്യല്‍ സർവിസ് സ്കീം, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആര്.സി തുടങ്ങിയവയെ പങ്കാളികളാക്കണം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കി അടക്കമുള്ള പനികൾ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ വാര്‍ഡുതലത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങൾ സജീവമാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.