തൊടുപുഴ: പാക്കേജുകളെക്കുറിച്ച് കേട്ടുകേട്ട് ഇടുക്കിക്കാർക്ക് മടുത്തു. ബജറ്റിൽ ജില്ലക്കായി ഇത്തവണയും എടുത്തുപറയുന്ന ഒന്നാണ് ഇടുക്കി പാക്കേജ്. ഇടുക്കി പാക്കേജിനു വീണ്ടും 75 കോടി അനുവദിച്ചതായാണ് ഇത്തവണത്തെ പ്രഖ്യാപനം.
ഇതിന് മുമ്പും പല പേരുകളിലും പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് അധികൃതർക്ക് ഒന്നും കൃത്യമായി വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. 2019ൽ ഇടുക്കിക്കായി പുനർജനി പാക്കേജ് എന്ന പേരിൽ 5000 കോടിയായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം.
പ്രളയത്തിൽ തകർന്നടിഞ്ഞ ഇടുക്കിയെ അവഗണിക്കുന്നു എന്ന പ്രചാരണങ്ങൾക്കിടെയാണ് ബജറ്റിന് ശേഷം പ്രത്യേക പ്രഖ്യാപനമായി പുനർജനി പാക്കേജ് എത്തുന്നത്. കോവിഡിെൻറ വരവോടെ ഇതേക്കുറിച്ച് കേൾക്കാതായി.
2020ൽ 1000 കോടിയുമായി ഇടുക്കി പാക്കേജ് വീണ്ടുമെത്തി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി ഇടുക്കിയിലെത്തിയപ്പോൾ 12,000 കോടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ശേഷമുള്ള ആദ്യ രണ്ടു ബജറ്റിലും 75 കോടി രൂപയുടെ ഇടുക്കി പാക്കേജുകളുടെ പ്രഖ്യാപനം നടന്നു.
ഇത്തവണയും പതിവ് തെറ്റിക്കാതെ ഇടുക്കി പാക്കേജിൽ കോടികൾ ഇടംപിടിച്ചിട്ടുണ്ട്. തുടരെത്തുടരെ പ്രഖ്യാപനങ്ങൾ വരുമ്പോഴും ഈ പാക്കേജുകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് അധികൃതർ മൗനം പാലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.