തൊടുപുഴ: ഇത്തവണ പി.ജെ. ജോസഫിന് എതിരാളിയായി എത്തുന്നത് മുൻ സഹയാത്രികൻ പ്രഫ. കെ.ഐ. ആൻറണി. കേരള കോൺഗ്രസിൽനിന്നുള്ള സ്ഥാനാർഥിയെ െതാടുപുഴയിലിറക്കി മണ്ഡലം പിടിക്കനാണ് ഇക്കുറി എൽ.ഡി.എഫ് നീക്കം. തൊടുപുഴ സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് വിട്ടുനൽകാനുള്ള തീരുമാനം ഇതിെൻറ ഭാഗമാണ്.
പി.ജെ. ജോസഫിെൻറ നാല് തെരഞ്ഞെടുപ്പുകളിൽ ചുക്കാൻപിടിച്ചയാൾ കൂടിയാണ് കെ.ഐ. ആൻറണി. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ആൻറണി തൊടുപുഴ പിടിക്കാനിറങ്ങുേമ്പാൾ വിജയം ആവർത്തിക്കാനാണ് പി.ജെ അങ്കത്തിനിറങ്ങുന്നത്. മണ്ഡലത്തിൽ പി.ജെ. ജോസഫിനായി യു.ഡി.എഫ് പ്രചാരണം നേരത്തേ തുടങ്ങിയിട്ടുണ്ട്.
11ാം അങ്കത്തിനാണ് പി.ജെ തയാറെടുക്കുന്നത്. 1970 ലും 77ലും തൊടുപുഴയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി.ജെ. ജോസഫ്, 1978ൽ ആഭ്യന്തര മന്ത്രിയായി. 1979ൽ കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാനായി. 1980ൽ തൊടുപുഴയിൽനിന്ന് വിജയിച്ച പി.ജെ. കേരള കോൺഗ്രസ് പാർട്ടിയുടെ നിയമസഭ കക്ഷി നേതാവായിരുന്നു. കെ. കരുണാകരെൻറ നേതൃത്വത്തിലെ മന്ത്രിസഭയിൽ റവന്യൂ, വിദ്യാഭ്യാസം, എക്സൈസ് വകുപ്പുകളുടെ മന്ത്രിയായി. 1982- 87ൽ റവന്യൂ, ഭവനനിർമാണ വകുപ്പ് മന്ത്രിയായി. 1987ലും പി.ജെ. തൊടുപുഴയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1996ൽ വിജയിച്ച് വിദ്യാഭ്യാസ -പൊതുമരാമത്ത് -രജിസ്ട്രേഷൻ -ഭവനനിർമാണ വകുപ്പ് മന്ത്രിയായി.
2006ൽ വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായെങ്കിലും സെപ്റ്റംബർ നാലിന് രാജിെവച്ചു. തുടർന്ന് വീണ്ടും 2009 ആഗസ്റ്റ് 17ന് മന്ത്രിസ്ഥാനമേറ്റു. 2010 മാർച്ചിൽ മന്ത്രിസ്ഥാനം രാജിെവച്ച് എൽ.ഡി.എഫ് വിട്ടു. 2016ൽ വീണ്ടും കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗമായ ആൻറണി 1977 മുതൽ ജോസഫിനൊപ്പം പ്രവർത്തിച്ചയാളാണ്. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 1973ൽ തൊടുപുഴ ന്യൂമാൻ കോളജിൽ മലയാളം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1997വരെ അധ്യാപകനായി തുടർന്നു. തുടർന്ന് മുരിക്കാശ്ശേരിയിലും മൂവാറ്റുപുഴ നിർമല കോളജിലും അധ്യാപകനായി. 1977 മുതൽ 1991വരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറായിരുന്നു. ഇക്കാലയളവിൽ നടന്ന 1977, 80, 82, 87 വർഷങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ജോസഫിെൻറ തെരഞ്ഞെടുപ്പ് കൺവീനർ ചുമതല വഹിച്ചു.
1991ൽ ജോസഫുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. തൊടുപുഴ താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡൻറ്, സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. മാണിയും ജോസഫുമായി ലയിച്ച കഴിഞ്ഞ തെരെഞ്ഞടുപ്പിലും പി.ജെ. ജോസഫിനുവേണ്ടി പ്രചാരണരംഗത്ത് ആൻറണി സജീവമായിരുന്നു.
കഴിഞ്ഞതവണ ജോസഫ് വോട്ടുതേടിയ രണ്ടിലയാവും ഇത്തവണ ആൻറണിയുടെ ചിഹ്നം. ചെണ്ടയാകും പി.ജെ ജോസഫിെൻറ ചിഹ്നം. തൊടുപുഴയിൽ ബി.ജെ.പി സ്ഥാനാർഥി പ്രഖ്യാപനം ആയിട്ടില്ല. ഇവർകൂടി എത്തുന്നതോടെ തൊടുപുഴയുടെ ചിത്രം പൂർണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.