ഇടുക്കി: സർക്കാർ നിലപാടുകളും ഉത്തരവുകളും ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നതായും കുടിയേറ്റ കർഷകരെ ദ്രോഹിക്കുന്നതായും ഡീൻ കുര്യാക്കോസ് എം.പി കുറ്റപ്പെടുത്തി.സർവേ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തുന്നുവെന്ന് പറയുന്ന ഡിജിറ്റൽ റീസർവേ നടപടികളിലൂടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാവുകയാണ്. പതിറ്റാണ്ടുകളായി പട്ടയത്തിന് കാത്തിരിക്കുന്നവർക്ക് പട്ടയം കിട്ടാക്കനിയാകും.
പട്ടയമില്ലാത്ത ഭൂമി സർക്കാർ വകയെന്ന് രേഖപ്പെടുത്തണമെന്നാണ് ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവിൽ പറഞ്ഞത്. പട്ടയത്തിൽ അധികമുള്ള ഭൂമിയും റീസർവേ റെക്കോഡിൽ സർക്കാർ ഭൂമിയെന്ന് രേഖപ്പെടുത്തണം. ആദ്യം റീസർവേ നടന്നത് ഇരട്ടയാർ വില്ലേജിലാണ്.
പട്ടയമില്ലാത്ത ഭൂമി സർക്കാർവകയെന്ന് രേഖപ്പെടുത്തിയാൽ പട്ടയനടപടിക്ക് തടസ്സം നേരിടുമെന്നും അതിനാൽ പട്ടയമില്ലാത്ത ഭൂമിയും പട്ടയത്തിൽ അധികമുള്ള ഭൂമിക്കും കൈവശക്കാരെൻറ പേര് രേഖപ്പെടുത്തുവാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കലക്ടർക്ക് പരാതിയും നൽകിയിരുന്നു.
രണ്ടാംഘട്ടം ഡിജിറ്റൽ സർവേ ആരംഭിച്ച വാത്തിക്കുടി വില്ലേജിൽ ഇതേ ആവശ്യമുന്നയിച്ച് ഹർത്താൽ ഉൾപ്പെടെ പ്രത്യക്ഷസമരവും പ്രഖ്യാപിച്ചു. എന്നിട്ടും ജില്ലയിലെ എല്ലാ വില്ലേജുകളെയും ബാധിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരമായിട്ടില്ല.
തിങ്കളാഴ്ച ഇറങ്ങിയ ഉത്തരവിൽ വാത്തിക്കുടി വില്ലേജിൽ മാത്രം പട്ടയമില്ലാത്ത ഭൂമിയിൽ കൈവശക്കാരെൻറ പേര് രേഖപ്പെടുത്തണമെന്ന് പറയുന്നു. അതിൽ തന്നെ സർക്കാർ രേഖകളിൽ ഉൾപ്പെട്ട കൈവശക്കാരെൻറ പേര് എന്നത് കൂടുതൽ സങ്കീർണതകളിലേക്ക് നയിക്കുന്നതാണെന്ന അഭിപ്രായം
കർഷകരിൽനിന്ന് ഉയരുന്നുണ്ട്. ഇപ്പോൾ റീസർവേ നടന്നുകൊണ്ടിരിക്കുന്ന ബാക്കി വില്ലേജുകളുടെ കാര്യത്തിലോ, റീസർവേ പൂർത്തിയായ ഇരട്ടയാർ വില്ലേജിെൻറ കാര്യത്തിലോ ഒരു നടപടിയും ഇല്ല.അതുപോലെ പട്ടയത്തിൽ അധികമുള്ള ഭൂമിയിൽ കൈവശക്കാരെൻറ പേര് രേഖപ്പെടുത്താനും നടപടിയില്ല.
ഇടുക്കിയിൽനിന്നുള്ള മന്ത്രിയടക്കം സർവകക്ഷി യോഗത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കാതെ കുടിയേറ്റ ജനതയെ ദ്രോഹിക്കാനാണ് ശ്രമിക്കുന്നത്. അത്തരം നടപടിക്കെതിരെ പൊതുജനങ്ങളെയാകെ അണിനിരത്തി സമരവുമായി മുന്നോട്ടുപോകുമെന്നും എം.പി പറഞ്ഞു.
തൊടുപുഴ: ഡിജിറ്റല്‍ റീസർവേ നടക്കുമ്പോള്‍ കൈവശക്കാരുടെ ഭൂമി നഷ്ടപ്പെടുമെന്ന പ്രചാരണത്തിന് അടിസ്ഥാനവുമില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്. ജില്ലയിലെ 11 സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. റവന്യൂവകുപ്പുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിെൻറ പ്രശ്നങ്ങള്‍ സുതാര്യമായും വേഗത്തിലും പരിഹരിക്കാനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഭൂമിക്ക് കൃത്യമായ രേഖകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ റീസർവേക്ക് കേരളത്തില്‍ തുടക്കം കുറിച്ചത്. ഭൂവിഷയങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന ഗുരുതരപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയാറാണ്.
പട്ടയമിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും മുഴുവന്‍ ജനപ്രതിനിധികളും പങ്കെടുക്കുന്ന പട്ടയ അസംബ്ലികള്‍ ആരംഭിച്ചു കഴിഞ്ഞു. പട്ടയ അസംബ്ലികളിലൂടെ ലഭ്യമാകുന്ന പ്രശ്നങ്ങള്‍ പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. അഞ്ചു തലത്തിലായി രൂപവത്കരിക്കപ്പെടുന്ന ദൗത്യസംഘങ്ങളുടെ സഹായത്തോടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.