മൂലമറ്റം: കണ്ണിലെ വെളിച്ചം മങ്ങിയപ്പോൾ അസാധാരണ ഇച്ഛാശക്തി കൊണ്ട് ജീവിതത്തിന്‍റെ വെളിച്ചം തിരികെപ്പിടിച്ച കഥയാണ് ജാസ്മിന്‍റേത്. ആടിയുലഞ്ഞുപോകുമായിരുന്ന കുടുംബത്തെ മനസ്സാനിധ്യവും കഠിനാധ്വാനവും കൊണ്ട് ചേർത്തുനിർത്തിയ ജാസ്മിന്‍റെ ഉണ്ണിയപ്പ കച്ചവടം ഇന്ന് മറ്റുള്ളവർക്ക് തൊഴിൽ നൽകുന്ന സംരംഭമായി വളർന്നിരിക്കുന്നു. പ്രതിസന്ധികൾക്ക് മുന്നിൽ തളർന്നുനിൽക്കുകയല്ല തലയെടുപ്പോടെ മുന്നോട്ടുപോകുകയാണ് വേണ്ടതെന്ന സന്ദേശമാണ് ഈ ജീവിതവിജയം നൽകുന്നത്.
മുട്ടം തുടങ്ങനാട് വിച്ചാട്ട് അജിയുടെ ഭാര്യയാണ് ജാസ്മിൻ. നടക്കാൻ വയ്യാത്ത മകൻ അഖിലിന്‍റെ (അപ്പു) ചികിത്സക്കായി ഓടിനടക്കുന്നതിനിടെ 2008ലാണ് കാഴ്ച അൽപാൽപമായി നഷ്ടപ്പെട്ട് തുടങ്ങിയത്. 2011ൽ പൂർണമായി നഷ്ടപ്പെട്ടു.
ജീവിതത്തിന്‍റെ വാതിലുകൾ അടയുന്നു എന്ന് തോന്നിത്തുടങ്ങിയപ്പോൾ ഒരിക്കൽ രണ്ടുകിലോ പച്ചരി വാങ്ങി 20 പാക്കറ്റ് ഉണ്ണിയപ്പമുണ്ടാക്കി. 10 പാക്കറ്റ് ഭർത്താവ് അജിയുടെ പലചരക്ക് കടയിൽ വിൽപനക്ക് വെച്ചു. ഒരു മണിക്കൂറിനകം അത് വിറ്റ് തീർന്നു. ബാക്കി 10 പായ്ക്കറ്റുകൾ കൂടി കടയിലെത്തിച്ചു. അന്നുതന്നെ അതും വിറ്റുപോയി. ഇങ്ങനെ കിട്ടിയ തുകയായിരുന്നു ഉണ്ണിയപ്പം കച്ചവടത്തിന്‍റെ ആദ്യ മൂലധനം. കണ്ണിൽ നിറഞ്ഞ ഇരുട്ടിനെ തോൽപിച്ച് തളരാതെ മുന്നോട്ടുപോകാമെന്ന ആത്മവിശ്വാസമായിരുന്നു കരുത്ത്.
ആദ്യം സ്വന്തം കടയിലും സമീപത്തെ കടകളിലും കുറച്ചു പാക്കറ്റ് ഉണ്ണിയപ്പം വിൽക്കാൻ നൽകി. ദിവസങ്ങൾക്കകം കൂടുതൽ ഓർഡറുകൾ ലഭിച്ചുതുടങ്ങി. ഭരണങ്ങാനം പള്ളിയിലെ പെരുന്നാളിന് പാലായിലെ ഒരു ബേക്കറി വഴി 1000 കിലോ ഉണ്ണിയപ്പത്തിന് ഓർഡർ ലഭിച്ചു. അതോടെ ചെറിയ രീതിയിൽ വീടിനുള്ളിൽ നടത്തിയിരുന്ന സംരംഭം സമീപം ചെറിയ ഷെഡ് നിർമിച്ച് അവിടേക്ക് മാറ്റി.
കൂടുതൽ ആളുകൾക്ക് പരിശീലനം നൽകി ഉണ്ണിയപ്പം വിൽപന വിപുലീകരിച്ചു. ഇന്ന് പള്ളിയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് നേർച്ചയായി തുടങ്ങനാട് വിച്ചാട്ട് വീട്ടിൽനിന്നുള്ള നെയ്യപ്പമാണ്. മറ്റ് പള്ളികളിലും ഇവിടെ നിന്നുള്ള നെയ്യപ്പം വിതരണം ചെയ്യുന്നുണ്ട്. നിലവിൽ 12പേർ നെയ്യപ്പ നിർമാണ യൂനിറ്റിൽ സ്ഥിരമായി ജോലിചെയ്യുന്നു. ഓർഡർ കൂടുതലുള്ള ചില സീസണുകളിൽ 28 തൊഴിലാളികൾ വരെയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.