മുട്ടം: മലങ്കര ഡാമിന്റെ ഷട്ടർ അറ്റകുറ്റപ്പണിക്ക് വേണ്ടി ജലനിരപ്പ് താഴ്ത്തി പരിശോധന നടത്തി. ഡിസംബറിൽ നടത്താനുദ്ദേശിക്കുന്ന അറ്റകുറ്റപ്പണിക്ക് മുന്നോടിയായിരുന്നു പരിശോധന. ഒരാഴ്ച വേണ്ടിവരുന്ന അറ്റകുറ്റപ്പണിയിൽ എന്തെല്ലാം മാറ്റി സ്ഥാപിക്കണമെന്നും ഏതിനെല്ലാം തേയ്മാനം വന്നിട്ടുണ്ടെന്നുമാണ് പരിശോധിച്ചത്.
മൂന്ന് മണിക്കൂർ മാത്രമായിരുന്നു പരിശോധന. എങ്കിലും ജലനിരപ്പ് 37 മീറ്ററിലേക്ക് താഴത്തേണ്ടിവന്നു.
ഇതോടെ, കുടിവെള്ളത്തിനായി മലങ്കര ജലാശയത്തെ ആശ്രയിക്കുന്ന മുട്ടം, അറക്കുളം, കുടയത്തൂർ, വെള്ളിയാമറ്റം പഞ്ചായത്തുകളിൽ പമ്പിങ് മുടങ്ങി. മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം പരമാവധി കുറച്ചാലേ മലങ്കര ഡാം അറ്റകുറ്റപ്പണി സാധ്യമാകൂ. അതിനാൽ മൂലമറ്റം വൈദ്യുതി നിലയത്തിന്റേത് ഉൾപ്പെടെ അനുമതി ലഭിക്കേണ്ടതുണ്ട്. അപേക്ഷ നൽകിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനം നിയന്ത്രിക്കുന്നത് കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെന്ററിൽനിന്നാണ്. സംസ്ഥാനത്തെ വൈദ്യുതി ലഭ്യതക്കനുസരിച്ചാണ് മൂലമറ്റത്തെതുൾപ്പെടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. അതിനാൽ അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടേക്കും. ഡിസംബർ പകുതിയോടെ അറ്റകുറ്റപ്പണിക്ക് അനുമതി ലഭിക്കുമെന്നാണ് എം.വി.ഐ.പി അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.