കാഞ്ഞാർ: മലങ്കര ജലാശയത്തിൽ മാലിന്യം നിറയുന്നു. മൂലമറ്റം ത്രിവേണി സംഗമം മുതൽ മുട്ടം വരെ നാട്ടുകാരുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയാണ് മലങ്കര ജലാശയം.
പച്ചക്കറി, മത്സ്യ മാംസ, അറവുശാല മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ജലാശയത്തിലും പരിസരങ്ങളിലും നിറഞ്ഞ് കിടക്കുന്നത്. അനവധി കുടിവെള്ള പദ്ധതികളുടെ സ്രോതസ്സായ മലങ്കര ജലാശയത്തിന് സമീപം വൻതോതിൽ മാലിന്യം തള്ളിയിട്ടും അധികൃതർ നടപടി എടുക്കുന്നില്ല.
കാഞ്ഞാർ കൂവപ്പള്ളിക്കവല, ശങ്കരപ്പള്ളി പാലത്തിന് സമീപം, പെരുമറ്റം കുടിവെള്ള ഫാക്ടറി, മലങ്കര ടൂറിസം പ്രദേശത്തിന്റെ ഭാഗമായ ശങ്കരപ്പള്ളി ഭാഗം എന്നിവിടങ്ങളിലാണ് പ്രധാനമായും മാലിന്യം നിക്ഷേപിക്കുന്നത്. വൻ തോതിൽ മാലിന്യം കൂടി കിടക്കുന്നത് പകർച്ച വ്യാധികൾക്ക് കാരണമാകുമെന്ന് അധികൃതർ തന്നെ പറയുമ്പോഴും ഇതിനെതിരെ നടപടി എടുക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല.
ജലാശയത്തിൽ കോളിഫോം ബാക്ടീരിയയുടെ തോത് ക്രമാതീതമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവിടെ നിന്നും വിതരണം ചെയ്ത കുടിവെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് ആരോഗ്യ വകുപ്പാണ് കോളിഫോം ബാക്ടീരിയയുടെ അളവ് കണ്ടെത്തിയത്.
ജലാശയത്തിനു ചുറ്റുമുള്ള റോഡിലും തോട്ടിലും മാലിന്യ കൂമ്പാരമാണ്. പഞ്ചായത്തുകളുടേയും തൊടുപുഴ മുനിസിപ്പാലിറ്റി ഉൾപ്പടെ പതിനായിരക്കണക്കിന് ജനങ്ങളുടെയും കുടിവെള്ള ശ്രോതസ്സിനെ മലിനീകരിക്കുന്നത് തടയണമെന്ന ആവശ്യം ശക്തമാവുകയാണ്. ജലാശയത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്തിലും മാലിന്യസംസ്കരണത്തിന് സംവിധാനങ്ങളില്ല. ഇതോടെ മാലിന്യം ചെറു കൈത്തോടുകൾ വഴി ഒഴുകി മലങ്കര ജലാശയത്തിൽ തന്നെയാണ് പതിക്കുന്നത്.
ഡെങ്കിപ്പനി പടരുന്നു
ജില്ലയിൽ പലഭാഗങ്ങളിലും ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ മുട്ടത്ത് ഡെങ്കിപ്പനി വീണ്ടും റിപ്പോർട്ട് ചെയ്തു.
മലങ്കര ജലാശയത്തിന്റെ സമീപത്ത് താമസിക്കുന്ന വ്യക്തിക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. മഴ പെയ്തതോടെയാണ് പലയിടങ്ങളിലും പനി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.