മുട്ടം: മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം കുറഞ്ഞതും മഴ ശക്തിയാർജിക്കാത്തതും മൂലം മലങ്കര ജലാശയത്തിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ജലനിരപ്പ് താഴുന്നത് ആറ് പഞ്ചായത്തുകളെ ആശങ്കയിലാക്കുകയാണ്. ജലവകുപ്പിന്റെയും അല്ലാത്തതുമായ നിരവധി കുടിവെള്ള പദ്ധതികളാണ് മലങ്കര ജലാശയത്തെ ആശ്രയിച്ചുള്ളത്.
ജലനിരപ്പ് ഇനിയും താഴ്ന്നാൽ മുട്ടം, അറക്കുളം, കുടയത്തൂർ, കരിങ്കുന്നം, ആലക്കോട്, ഉടുമ്പന്നൂർ, വെള്ളിയാമറ്റം ഉൾപ്പെടെ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകും. ഈ സ്ഥിതി വീണ്ടും തുടർന്നാൽ മിക്ക സ്വകാര്യ ജലസ്രോതസ്സുകളും വറ്റുമെന്നുറപ്പാണ്. കഴിഞ്ഞ വർഷങ്ങളിൽ മഴക്കാലത്ത് മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. ഇതിനൊപ്പം മലങ്കര ഡാമിലെ ഷട്ടറുകൾ കൂടി ഉയർത്തിയതോടെ അനവധി വീടുകൾ വെള്ളത്തിലാകുകയും ചെയ്തിരുന്നു.
മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ വകുപ്പ് മേധാവികളുടെ യോഗം ചേർന്ന് മഴക്കാലത്ത് മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കണമെന്ന് തീരുമാനം എടുത്തിരുന്നു.എന്നാൽ, നിലവിലെ സ്ഥിതി അതല്ല. ജലനിരപ്പ് ഉയരുന്നില്ല. മഴയുടെ കുറവ് തുടർന്നാൽ മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം വർധിപ്പിക്കുക മാത്രമാണ് ഏക പോംവഴി.
ബുധനാഴ്ച മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനം 3.22 ദശലക്ഷം യൂനിറ്റ് മാത്രമാണ്. ഇടുക്കി അണക്കെട്ടിലും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് കുറവാണ്. ഇതും വൈദ്യുതി ഉൽപാദനം ക്രമീകരിക്കാൻ കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.