അടിമാലി: നിർദിഷ്ട മാങ്കുളം ജലവൈദ്യുതി പദ്ധതിക്കായി സ്ഫോടനങ്ങൾ നടത്തി പാറ പൊട്ടിക്കുന്നതിനെതിരെ കലക്ടർക്ക് പരാതി. മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് തമാസിക്കുന്നവരാണ് തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ പാറ പൊട്ടിക്കൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. മാങ്കുളം പഞ്ചായത്തിൽ മാങ്കുളം, പെരുമ്പൻകുത്ത് വാർഡുകളിലായി മാങ്കുളം പഞ്ചായത്ത് ഓഫിസ് പരിസരത്തെ താമസക്കാരാണ് പരാതിക്കാർ.
മാങ്കുളം ജലവൈദ്യുതി പദ്ധതിക്കായി ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെ വൻ സ്ഫോടനം നടത്തി പാറ പൊട്ടിക്കുന്നതുമൂലം തങ്ങൾ ഭീതിയിലാണെന്ന് ഇവർ പറയുന്നു. വീടുകൾക്ക് വിള്ളൽ വീഴുകയും ചിലത് അപകടാവസ്ഥയിലേക്ക് മാറുകയുമാണ്. രണ്ട് കിലോമീറ്റർ വരെ ഭൂമിയിൽ കുലുക്കമുണ്ടാക്കുന്ന രീതിയിലാണ് പാറ ഖനനം. മൂന്ന് ഷിഫ്റ്റുകളായി രാത്രിയും പകലുമില്ലാതെ പ്രവൃത്തി നടത്തുന്നതുമൂലം കൊച്ചുകുട്ടികളുടെ ഉൾപ്പെടെ ഉറക്കം നഷ്ടപ്പെടുകയാണ്. പാർപ്പിടങ്ങളുടെ 50 മീറ്റർ ചേർന്നുപോലും സ്ഫോടനങ്ങൾ നടത്തുന്നതായി പറയുന്നു. സർക്കാർ തങ്ങൾക്ക് എല്ലാ അനുവാദവും നൽകിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
ഖനനത്തിനാവശ്യമായ സ്ഫോടക ശേഖരം ഒരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ സൂക്ഷിച്ചിരിക്കുന്നതായും പരാതിയുണ്ട്. ജീവനും സ്വത്തിനും ഭീഷണി ഉയർത്തി പൊതു മാർഗനിർദേശങ്ങൾ മറികടന്ന് ജനവാസ കേന്ദ്രത്തോടു ചേർന്ന് നടത്തുന്ന നിയമവിരുദ്ധ ഖനനത്തിനെതിരെ നാടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. മാങ്കുളം വില്ലേജ് ഉൾപ്പെടെ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ പാറ, മണൽ ഖനനത്തിന് പൂർണ വിലക്കുള്ളതാണ്. കെ.എസ്.ഇ.ബിയുടെ കരാർ ജോലിക്ക് പൊതു സുരക്ഷാമാനദണ്ഡങ്ങളിൽ എന്തെങ്കിലും ഇളവ് ഉണ്ടെങ്കിൽ അത് തങ്ങളെ അറിയിക്കണമെന്നും മാങ്കുളത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.