മറയൂര്‍: ശര്‍ക്കരക്ക് കേന്ദ്രസര്‍ക്കാര്‍ ജി.എ.സ്.ടി ചുമത്തിയത് മറയൂരിലെ ശർക്കര നിർമാണത്തെ പ്രതിസന്ധിയിലാക്കും. അഞ്ചു ശതമാനം ജി.എസ്.ടിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മറയൂരിലെ പ്രധാന കാര്‍ഷിക ഉൽപന്നമാണ് ശര്‍ക്കര. എന്നാല്‍, മെച്ചപ്പെട്ട വില ലഭിക്കാത്തതിനാല്‍ ഒട്ടേറെ കര്‍ഷകര്‍ മറ്റു കൃഷികളിലേക്ക് മാറി.
മേഖലയിൽ 2500 ഏക്കറില്‍ ഉണ്ടായിരുന്ന കരിമ്പുകൃഷി ഇപ്പോള്‍ ആയിരത്തില്‍ താഴെ ഏക്കറിലായി ചുരുങ്ങി. കച്ചവടക്കാരുടെ ചൂഷണവും തമിഴ്‌നാട്ടില്‍നിന്ന് വ്യാജശര്‍ക്കരയുടെ വരവും മറയൂര്‍ ശര്‍ക്കരയുടെ വിലയിടിവിന് കാരണമാണ്. നിലവില്‍ മറയൂര്‍ ശര്‍ക്കരക്ക് മൊത്തക്കച്ചവടക്കാരില്‍നിന്ന് കര്‍ഷകന് ലഭിക്കുന്നത് കിലോക്ക് 50 രൂപയാണ്. എന്നാല്‍, പൊതുവിപണിയില്‍ മറയൂര്‍ ശര്‍ക്കരക്ക് നല്ല ഡിമാൻഡും 90 മുതല്‍ 120 രൂപവരെ വിലയുമുണ്ട്. ഭൗമസൂചിക പദവി ലഭിച്ച മറയൂര്‍ ശര്‍ക്കരയുടെ പേരില്‍ ചില കച്ചവടക്കാര്‍ തമിഴ്‌നാട്ടില്‍നിന്ന് രാസവസ്തുക്കള്‍ കൂടുതല്‍ ഉപയോഗിച്ച് നിർമിച്ച ശര്‍ക്കര കേരളത്തിലെത്തിച്ച് വിൽക്കുന്നതാണ് മറയൂര്‍ ശര്‍ക്കരക്ക് തിരിച്ചടിയായത്. ഇങ്ങനെ മുടക്കുമുതല്‍പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് പല കർഷകരും മറ്റ് കൃഷികളിലേക്ക് തിരിഞ്ഞത്.
കച്ചവടക്കാര്‍ക്ക് മൊത്തമായി നല്‍കുമ്പോള്‍ അവര്‍ പറയുന്ന വിലയ്ക്ക് നല്‍കേണ്ടി വരുന്നു. ശര്‍ക്കരക്ക് അഞ്ചു ശതമാനം ജി.എസ്.ടി ചുമത്തുമ്പോള്‍ കര്‍ഷകരില്‍നിന്ന് ഈ തുക കുറച്ചാണ് കച്ചവടക്കാര്‍ സംഭരിക്കുന്നത്. ഇത് കർഷകരെ പ്രതികൂലമായി ബാധിക്കും. കാര്‍ഷിക ഉൽപന്നമായ ശർക്കര നാണ്യവിളകളുടെ പട്ടികയിലുള്ളതല്ലാത്തതിനാൽ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.