മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണി രണ്ട് മാസം കൂടി നീളും. ജൂൺ മുതൽ ഡിസംബർ വരെയുള്ള ആറ് മാസ കാലയളവിൽ പൂർത്തീകരിക്കേണ്ട അറ്റകുറ്റപ്പണിയാണ് സാങ്കേതിക കാരണങ്ങളാൽ പൂർത്തീകരിക്കാൻ കഴിയാതെ വന്നത്.
കൽക്കരിക്ഷാമം മൂലം പുറം വൈദ്യുതിയിൽ കുറവ് നേരിട്ടതും ഇടുക്കി ഡാമിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വൈദ്യുതി ഉൽപാദനം പരമാവധിയിൽ എത്തിക്കാൻ ആറ് ജനറേറ്ററുകളും പ്രവർത്തിപ്പിക്കേണ്ടി വന്നതുമാണ് വാർഷിക അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസ്സമായത്. ഒന്ന്, മൂന്ന്, ആറ് ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണിയാണ് നിലവിൽ പൂർത്തീകരിച്ചിട്ടുള്ളത്. രണ്ട്, നാല്, അഞ്ച് നമ്പർ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിയാണ് പൂർത്തീകരിക്കാനുള്ളത്.
വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയില്ലാത്ത ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ഒാരോ ജനറേറ്റർ വീതം ഓരോ മാസം എന്ന നിലയിൽ അറ്റകുറ്റപ്പണിക്ക് എടുക്കുകയാണ് പതിവ്. ഫെബ്രുവരി അവസാനത്തോടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജനറേഷൻ വിഭാഗം ഉദ്യോഗസ്ഥർ. 780 മെഗാവാട്ടാണ് മൂലമറ്റം നിലയത്തിലെ പരമാവധി വൈദ്യുതി ഉൽപാദന ശേഷി.130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് നിലയത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.