മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണി അടുത്തയാഴ്ച പുനരാരംഭിക്കും. അറ്റകുറ്റപ്പണികൾ പുനരാരംഭിക്കാൻ കളമശേരി ഡെസ്പാപാച്ചിൽ നിന്നും അനുമതി നൽകി കഴിഞ്ഞു. മൂലമറ്റം വൈദ്യുതി നിലയത്തിലെ സാഹചര്യങ്ങൾ അനുകൂലമാക്കി അടുത്ത ആഴ്ചയോടെ അറ്റകുറ്റപ്പണി പുനരാരംഭിക്കും. ആറ് മാസക്കാലം നീണ്ടു നിൽക്കുന്നതാണ് ഈ അറ്റകുറ്റപ്പണികൾ.
ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് സാധാരണ അറ്റകറ്റപ്പണികൾ നടത്താറുള്ളത്. ഓരോ മാസവും ഓരോ ജനറേറ്റർ എന്ന നിലയിലാണ് അറ്റകുറ്റപ്പണികൾ നടത്തുക. മൂന്നാം നമ്പർ ജനറേറ്ററിന്‍റെ അറ്റകുറ്റപ്പണികൾ നിലവിൽ പൂർത്തീകരിച്ചതാണ്. ഇനി ഒന്നാം നമ്പർ ജനറേറ്ററിന്‍റെ അറ്റകുറ്റപ്പണിയാണ് നടത്തുക.
ആഗസ്റ്റ് മാസത്തിലെ ശക്തമായ മഴ ഭയന്നാണ് അറ്റകറ്റപ്പണികൾ നിർത്തിവച്ച് വൈദ്യുതി ഉൽപാദനം വർധിപ്പിച്ചത്. മഴ കനക്കുകയും നീരൊഴുക്ക് വർധിക്കുകയും ചെയ്താൽ ഡാമിലെ ജലനിരപ്പ് ഉയരും. ഇതു മൂലം ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനാണ് പരമാവധി ജലം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ പ്രതീക്ഷച്ചത്ര മഴ ലഭിച്ചില്ല. വരും ദിവസങ്ങളിലും കാര്യമായ മഴ പെയ്യാൻ സാധ്യത ഇല്ലെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ആയതിനാൽ ഉൽപാദനം പകുതിയാക്കി വെട്ടിച്ചുരുക്കി വാർഷിക അറ്റകുറ്റപ്പണിക്ക് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വരെ മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനം ശരാശരി 16 ദശലക്ഷം യൂണിറ്റ് ആയിരുന്നു. എന്നാൽ ഇനി അത് ശരാശരി 7 ദശലക്ഷം യൂണിറ്റാക്കി വെട്ടിച്ചുരുക്കി. ശക്തമായ മഴ പ്രതീക്ഷിച്ച് ആഭ്യന്തര ഉൽപാദനം പരമാധിയിലെത്തിച്ചിരുന്നു. ഇതു മൂലം വൈദ്യുതി വകുപ്പിന് കോടികളുടെ ലാഭമാണ് ഉണ്ടായത്. പ്രതിദിന ഉപഭോഗത്തിന്‍റെ 70 ശതമാനവും പുറം വൈദ്യുതിയിലായിരുന്ന കേരളം ആശ്രയിച്ചിരുന്നത്. 30 ശതമാനം മാത്രമായിരുന്നു ആഭ്യന്തര ഉൽപാദനം. എന്നാൽ കഴിഞ്ഞ മാസം അങ്ങിനെ ആയിരുന്നില്ല. ഉപഭോഗത്തിന്‍റെ 60 ശതമാനത്തിലധികം ആഭ്യന്തര ഉൽപാദനം വഴി കണ്ടെത്താൻ സാധിച്ചു. 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. ആകെ 780 മെഗാവാട്ട് പദ്ധതിയാണ് മൂലമറ്റം പവ്വർ ഹൗസിലേത്. അറ്റകുറ്റപ്പണികൾ ആരംഭിക്കുമ്പോൾ ഒരു ജനറേറ്ററിന്‍റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവക്കേണ്ടി വരും.എന്നാൽ ഇതുമൂലം വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ല. മഴക്കാലമായതിനാലും വൈദ്യുതി ഉപഭോഗം കുറഞ്ഞ് നിൽക്കുന്നതിനാലുമാണ് പ്രതിസന്ധി ഉണ്ടാവാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.