മൂലമറ്റം: റോഡ് വികസനത്തിന് പദ്ധതികൾ പലതും പ്രഖ്യാപിച്ചു. രണ്ടു പതിറ്റാണ്ട് മുമ്പ് തേക്കടി-എറണാകുളം സംസ്ഥാന ഹൈവേയുടെ ഭാഗമാക്കുകയും ചെയ്തു. എങ്കിലും ഇന്നും പഞ്ചായത്ത് റോഡിന്റെപോലും നിലവാരത്തിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇതാണിപ്പോൾ കാരിക്കോട്-കാഞ്ഞാർ റോഡിന്റ നിലവാരം. തൊടുപുഴ മുതൽ കാഞ്ഞാർ വരെ 16 കിലോമീറ്ററിൽ കാരിക്കോട് മുതൽ തെക്കുംഭാഗം തടിപ്പാലം വരെ നാല് കിലോമീറ്റർ തകർന്ന് കുഴിയും വലിയ ഗർത്തങ്ങളുമാണ്.
ഇത് ബി.എം ബി.സി നിലവാരത്തിൽ പണിയാൻ 4.5 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാൽ. പണികൾ ആരംഭിച്ചിട്ടില്ല. തുടർന്നുള്ള കുട്ടപ്പൻകവല വരെ നാലര കിലോമീറ്റർ അടുത്ത നാളിൽ പണിതു. അവശേഷിക്കുന്ന 6.5 കിലോമീറ്റർ തകർന്നു കിടക്കുകയാണ്.
ഇതിൽ 2.5 കിലോമീറ്റർ തൊടുപുഴ മണ്ഡലത്തിലും നാല് കിലോമീറ്റർ ഇടുക്കി മണ്ഡലത്തിലുമാണ്.
തേക്കടി-എറണാകുളം സംസ്ഥാനപാതയുടെ ഭാഗമായ കാഞ്ഞാർ കരിക്കോട് റോഡ് വീതികൂട്ടി പണിയാൻ കിഫ്ബിക്ക് കൈമാറാൻ ഉത്തരവായെങ്കിലും കരിക്കോട്, വെള്ളിയാമറ്റം വില്ലേജുകളിലെ ചിലയിടങ്ങളിൽ ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച രേഖകൾ റവന്യൂ വകുപ്പ് ഇതുവരെ പി.ഡബ്ല്യു.ഡിക്ക് കൈമാറിയിട്ടില്ല. ഈ വിശദാംശങ്ങൾ കിട്ടിയാൽ മാത്രമേ പി.ഡബ്ല്യു.ഡി കിഫ്ബിക്ക് കൈമാറുകയുള്ളു. തുടർന്ന് വേണം സ്ഥലം ഏറ്റെടുത്ത് നോട്ടിഫിഷൻ ഇറക്കാൻ കഴിയുകയുള്ളൂ.
16 കിലോമീറ്റർ നല്ല നിലവാരത്തിൽ പണിതാൽ കുറഞ്ഞ ദൂരത്തിൽ തൊടുപുഴ ടൗണിൽ കയറാതെ എറണാകുളം തൃശൂർ, ഉടുമ്പന്നൂർ വണ്ണപ്പുറം ഭാഗങ്ങളിലുള്ളവർക്ക് മൂലമറ്റം, ഇടുക്കി, കുമളി, കട്ടപ്പന, ഉപ്പുതറ, വാഗമൺ ഭാഗങ്ങളിലേക്കും തിരിച്ചും പോകാൻ കഴിയും.
നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നതാണ് റോഡ്. ആനക്കയം, വായനക്കാവ്, മലങ്കര ജലാശയം, മൂലമറ്റം പവർ ഹൗസ്, ത്രിവേണി സംഗമം, വാഗമൺ, ഉളുപ്പൂണി പുൽമേട്, എ.കെ.ജി തൂക്കുപാലം, ഉളുപ്പൂണി തുരങ്കം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടിയാണ് റോഡ് കടന്നുപോകുന്നത്.
റോഡ് പൂർത്തിയായാൽ ആനക്കയം വഴി എറണാകുളത്തുനിന്നും തൃശൂർ ഭാഗത്തുനിന്നും നിരവധി ദീർഘദൂര സർവിസുകൾ ഇതുവഴി ആരംഭിക്കും ഇത് റോഡ് കടന്നുപോകുന്ന പ്രദേശങ്ങൾക്ക് വികസനക്കുതിപ്പുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.