പട്ടയത്തിനായി നീളുന്ന കാത്തിരിപ്പ്
മണ്ഡലത്തിലെ പ്രധാന പ്രശ്നം പട്ടയംതന്നെ. പതിനായിരക്കണക്കിന് കർഷകരാണ് അപേക്ഷ നൽകി ഇപ്പോഴും കാത്തിരിക്കുന്നത്. ജെ.വി (ജോയന്റ് വെരിഫിക്കേഷൻ) നമ്പർ ലഭിച്ച കർഷകർക്കുപോലും പട്ടയം കിട്ടിയിട്ടില്ല. ഡാമിന്റെ സംരക്ഷണ മേഖലയിൽ കഴിയുന്നവർക്ക് പത്തു ചെയിൻ പട്ടയം നൽകുമെന്ന വാഗ്ദാനം ഇന്നും നടപ്പായിട്ടില്ല. ആദിവാസികൾക്കും പട്ടയം നൽകിയിട്ടില്ല. പെരിഞ്ചാംകുട്ടിയിൽനിന്ന് കുടിയിറക്കിയ നൂറോളം കുടുംബങ്ങളുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്.
- ജില്ല ആസ്ഥാനത്ത് ബസ് സ്റ്റാൻഡ് വേണം
- കലക്ടറേറ്റിലെത്തുന്നവർ കംഫർട്ട് സ്റ്റേഷനില്ലാതെ ബുദ്ധിമുട്ടുന്നു
- ചെറുതോണി ബസ് സ്റ്റാൻഡ് നിർമാണം ഇനിയും പൂർത്തിയായില്ല
- ജില്ല ആസ്ഥാനത്ത് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വേണം
- ഗ്രാമീണ റോഡുകൾ തകർന്നു
- ജില്ല ആസ്ഥാനത്തടക്കം കുടിവെള്ളപ്രശ്നം രൂക്ഷം.
- ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കാനുള്ളത് 302 വീടുകൾ.
- മെഡിക്കൽ കോളജിൽ ആവശ്യത്തിന് ഡോക്ടർമാരും മരുന്നുമില്ല. ഹൃദയസംബന്ധമായ അസുഖങ്ങൾ വരുന്നവരെ മറ്റിടങ്ങളിലേക്ക് അയക്കുന്നു.
- മിക്ക ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാരും മരുന്നുമില്ല.
- പതിനാറാംകണ്ടം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സ ഇനിയും പുനരാരംഭിച്ചിട്ടില്ല
- വാഴത്തോപ്പിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമായില്ല.
- ഇടുക്കി ഡാമിൽ ഒരാൾ അതിക്രമിച്ചുകയറിയ സംഭവത്തെത്തുടർന്ന് സന്ദർശകരെ വിലക്കി. ഇതോടെ ടൂറിസ്റ്റുകളുടെ വരവ് കുത്തനെ ഇടിഞ്ഞു.
- വനംവകുപ്പിന്റെ തടസ്സംമൂലം മീനൊളിയൻപാറ വിനോദസഞ്ചാരകേന്ദ്രം അടഞ്ഞുകിടക്കുകയാണ്.
- മാലിന്യപ്രശ്നവും രൂക്ഷമാണ്
- കീരിത്തോട് മുതൽ പനംകുട്ടികവല വരെ ഒരു ഡസൻ മണ്ണിടിച്ചിൽ പ്രദേശങ്ങളുണ്ട്. ഭൂരിപക്ഷം കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചെങ്കിലും ഇനിയും ഇവിടെ കുടുംബങ്ങളുണ്ട്.
പിന്നോട്ടുപോകരുത് പീരുമേട്
തേയിലത്തോട്ടങ്ങൾ ഏറെയുള്ള പീരുമേട് മണ്ഡലത്തിൽ ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ നടപടിയില്ല. അടച്ചുപൂട്ടിയ തോട്ടങ്ങൾ തുറന്നിട്ടില്ല. 2000ത്തിൽ പൂട്ടിയ ചീന്തലാർ പീരുമേട് ടി കമ്പനി, 2014ൽ പൂട്ടിയ കോട്ടമല ബൊണാമി എം.എം.ജെ പ്ലാന്റേഷൻ എന്നിവയിലെ തൊഴിലാളികൾ ദുരിതജീവിതമാണ് നയിക്കുന്നത്. പച്ചക്കൊളുന്തിന് വിലയില്ലാത്തത് ചെറുകിട തേയിലകർഷകരുടെ കൃഷി നഷ്ടത്തിലാക്കുന്നു.
- ഗ്രാമീണ റോഡുകൾ പലതും തകർന്നു
- ആദിവാസി മേഖലകളിലെ തകർന്ന റോഡുകൾ നന്നാക്കാൻ നടപടിയില്ല
- വണ്ടിപ്പെരിയാർ-തേങ്ങാക്കൽ, ചീന്തലാർ-പശുപ്പാറ റോഡുകൾ ശോച്യാവസ്ഥയിൽ
- ഹെലിബേറിയ കുടിവെള്ള പദ്ധതി ഇപ്പോഴും പാതിവഴിയിൽ
- പീരുമേട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരും അനുബന്ധ സൗകര്യങ്ങളുമില്ല.
- സർക്കാർ സ്കൂളുകൾ നിരവധിയുണ്ടെങ്കിലും കുട്ടികൾ കുറവാണ്.
- മാലിന്യപ്രശ്നത്തിന് പരിഹാരം വേണം.
- തേക്കടി, വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ല.
- ഒട്ടേറെ പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിൽ. കൊക്കയാർ പഞ്ചായത്തിലെ ഉരുൾപൊട്ടലിൽ തകർന്ന പാലങ്ങളുടെ അടക്കം നിർമാണം ഇഴയുന്നു.
ഏലം കർഷകർ പ്രതിസന്ധിയിൽ
പട്ടയം കാത്തുകഴിയുന്ന 50,000ത്തോളം കുടുംബങ്ങള്‍ ഉടുമ്പൻചോല താലൂക്കിലുണ്ട്. ജില്ല രൂപവത്കൃതമായതു മുതല്‍ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സമയബന്ധിതമായി പട്ടയപ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. വന്യജീവി ആക്രമണത്തില്‍ ജനം പൊറുതിമുട്ടിയിട്ടും കാര്യക്ഷമമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ മിക്കതും തകര്ന്നുതരിപ്പണമാണ്. കുണ്ടും കുഴിയും നിറഞ്ഞ് കാല്‍നടപോലും പ്രയാസമാണ്. അഞ്ചു ലക്ഷത്തിന് മുകളിലുള്ള ബില്‍ മാറിക്കിട്ടുന്നില്ല എന്നു പറഞ്ഞ് പണി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാവുന്നില്ല. കാലാവസ്ഥ വ്യതിയാനവും വിലയിടിവും ഏലം കർഷകരെ പ്രതിസന്ധിയിലാക്കുന്നു
- ജല അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ജലാശയങ്ങൾ സമൃദ്ധമാണെങ്കിലും മഴ മാറിയാൽ ജലക്ഷാമം രൂക്ഷം
- ഓരോ വാര്‍ഡിലും കുറഞ്ഞത് 10 പേരെങ്കിലും പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടി ഷെഡില്‍ കഴിയുന്നു
- ലൈഫ് ഭവനപദ്ധതി പട്ടികയിൽ ഉൾപ്പെട്ടവർക്കും വീട് ലഭിക്കാനുണ്ട്. അർഹരായ നിരവധി പേർ പട്ടികയിലില്ല
- വിദഗ്ധ ചികിത്സക്കായി കോട്ടയത്തോ എറണാകുളത്തോ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലോ പോകണം
- സൗകര്യമുണ്ടായിട്ടും കിടത്തിച്ചികിത്സയില്ലാത്ത ആശുപത്രികള്‍ മണ്ഡലത്തിലുണ്ട്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവുമുണ്ട്
- ആദിവാസികള്‍ക്കായി അരുവിളംചാല്‍ എല്‍.പി സ്കൂള്‍ അപ്ഗ്രേഡ് ചെയ്യണം. ഖജനപ്പാറയിലെ തമിഴ് മീഡിയം സ്കൂളില്‍ അധ്യാപകരില്ല. സ്ഥലസൗകര്യമില്ല.
- ഗവ. ഹൈസ്കൂളുകൾക്ക് അടിസ്ഥാന സൗകര്യമില്ല. ശാന്തൻപാറ പഞ്ചായത്തിൽ ഹയർ സെക്കൻഡറി സ്കൂളില്ല. ശാന്തന്‍പാറ ഹൈസ്കൂളിന് ബസില്ല
- പൂപ്പാറയിലെ ഗവ. കോളജിന് സ്വന്തം സ്ഥലവും കെട്ടിടവുമില്ല. അധ്യാപകരും താൽക്കാലികമാണ്.
- ഐ.എച്ച്.ആര്.ഡിക്ക് സ്വന്തം കെട്ടിടം വേണം
- മണ്ഡലത്തില്‍ കാര്യമായ മാലിന്യശേഖരണ സംവിധാനങ്ങൾ ഒന്നുമില്ല
സമാനതകളില്ലാത്ത അവഗണന
കുടിയേറ്റവും കൈയേറ്റവുമാണ് മണ്ഡലത്തിൽ എക്കാലത്തും നിലനിൽക്കുന്ന പ്രശ്നം. കൈയേറ്റത്തെ നേരിടുമ്പോൾ ആദ്യം നടപടിക്ക് വിധേയരാകുന്നത് കുടിയേറ്റക്കാരാണ്. ഇത് മനഃപൂർവം കൈയേറ്റക്കാരെ സഹായിക്കാനാണെന്ന് ആക്ഷേപമുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ആദ്യം കൈയേറ്റങ്ങളെ സംബന്ധിച്ച് പഠനം നടത്തി പട്ടികയുണ്ടാക്കി പരിശോധനങ്ങൾക്കുശേഷം ബന്ധപ്പെട്ടവരെ ഹിയറിങ് നടത്തി കുറ്റമറ്റ നിലയിൽ നടപടി സ്വീകരിക്കണം.
മൂന്നാർ നടപടി മൂന്നാറിൽ ഒതുക്കുകയും മറ്റു വില്ലേജുകളെ ബാധിക്കാത്ത നടപടിയുമാണ് വേണ്ടത്.
1999ൽ മാങ്കുളത്ത് 1016 കർഷകർക്ക് 1.5 ഹെക്ടർ സ്ഥലം നൽകി. എന്നാൽ, ഇന്നും ഇത് അവകാശികൾക്ക് എത്തിയിട്ടില്ല. വട്ടവട, കൊട്ടാകമ്പൂർ വില്ലേജുകളിലും ഭൂപ്രശ്നങ്ങൾ പരിഹരിക്കാതെ കിടക്കുന്നു.
- മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും 80 ശതമാനം റോഡുകളും തകർന്ന നിലയിൽ.
- എല്ലാ പഞ്ചായത്തിലും കുടിവെള്ളപ്രശ്നമുണ്ട്.
- സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസികളുള്ള മണ്ഡലമാണ് ദേവികുളം. സമാനതകളില്ലാത്ത അവഗണന. ഇവരുടെ ഭൂമി വ്യാപകമായി കൈയേറി പലരും കൈവശപ്പെടുത്തി.
- അടിമാലി താലൂക്ക് ആശുപത്രിയിൽ നഴ്സുമാരുടെ ഉൾപ്പെടെ കുറവ്. ആയുർവേദ, ഹോമിയോ ആശുപത്രികൾ പലതിലും അടിസ്ഥാന സൗകര്യങ്ങളില്ല.
- വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും പിന്നാക്കാവസ്ഥ നേരിടുന്നത് അടിമാലി മേഖലയാണ്. അടിമാലി, ദേവിയാർ സർക്കാർ സ്കൂളുകളിൽ പ്ലസ് ടു അനുവദിക്കണം.
- അടിമാലി ടെക്നിക്കൽ ഹൈസ്കൂളിൽ പ്ലസ് ടുവും അടിമാലിയിൽ കോളജും വേണമെന്നാണ് ആവശ്യം.
- ഏലം, കുരുമുളക് കൃഷികൾ സമാനതകളില്ലാത്ത പ്രതിസന്ധിയിൽ. അഞ്ചു വർഷത്തിനിടെ കുരുമുളക് കൃഷി 80 ശതമാനവും കുറഞ്ഞു.
- വന്യമൃഗശല്യവും കാലാവസ്ഥ വ്യതിയാനവും കാർഷിക മേഖലയെ തകർത്തു. കുമിൾരോഗം മൂലം അടക്കകൃഷി 70 ശതമാനം ഇല്ലാതായി.
- മൂന്നാർ ഉൾപ്പെടെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രങ്ങൾ ധാരാളമുള്ള മണ്ഡലമാണ് ദേവികുളം. അതനുസരിച്ച് അടിസ്ഥാന സൗകര്യമില്ല
- . മഴക്കാലമായാൽ പ്രകൃതിദുരന്തങ്ങൾ പതിവാണ്.
ഹൃദയംതൊടുന്ന വികസനം വേണം
തൊടുപുഴയിലൊരു സ്റ്റേഡിയം വേണമെന്നതാണ് മണ്ഡലത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. കോതായിക്കുന്ന് ബൈപാസിൽ സ്ഥലം കണ്ടെത്തി എസ്റ്റിമേറ്റ് തയാറാക്കി വർഷങ്ങൾ കഴിഞ്ഞെങ്കിലും നടപടികൾ ഇഴയുകയാണ്. മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്, ജില്ല ജയിൽ കാന്റീൻ, തൊടുപുഴ ഷി ടോയ്ലറ്റ് എന്നിവ പൂർത്തിയായിട്ടും തുറന്നുകൊടുത്തിട്ടില്ല. വെള്ളിയാമറ്റം, മുട്ടം, പൂമാല കോഴിപ്പിള്ളി തുടങ്ങിയ ആദിവാസി മേഖലയിലെ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവും മണ്ഡലം മുന്നോട്ടുവെക്കുന്നു
- വണ്ണപ്പുറം പഞ്ചായത്തിലെ കര്‍ഷകർ വനംവകുപ്പിന്റെ കുടിയിറക്ക് ഭീഷണിയിൽ. ഇവിടെ തൊഴിലുറപ്പുജോലികള്‍ തടസ്സപ്പെട്ടിട്ട് വര്‍ഷങ്ങളായി.
- വിവിധ മേഖലകളിൽ വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്
- ശബരി റെയിൽ നിർമാണത്തിലെ അനിശ്ചിതത്വം സ്ഥലമുടമകളെ ആശങ്കയിലാക്കുന്നു.
- ഗ്രാമീണ റോഡുകൾ തകർന്നു
- ലൈഫ് വീടുകളിൽ പൂർത്തിയാകാനുള്ളത് 539 എണ്ണം
- 1199 പേരാണ് ഭൂരഹിത ഭവനരഹിതരായി അപേക്ഷ നൽകിയിട്ടുള്ളത്.
- തൊടുപുഴ ജില്ല ആശുപത്രിയിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ ഇല്ല
- മുട്ടത്ത് പ്രിന്റിങ് മെഷീൻ യൂനിറ്റിന്റെയും ഫുഡ് പ്രൊഡ്ക്സ് നിർമാണ കമ്പനിയുടെയും പ്രവർത്തനം നിലച്ചു
- വണ്ണപ്പുറം-ചേലച്ചുവട് റോഡ് നിർമാണം ഒന്നുമായില്ല.
- കുരുതിക്കളം-വെള്ളിയാമറ്റം-വണ്ണപ്പുറം റോഡ് നിർമാണവും എങ്ങുമെത്തിയിട്ടില്ല.
- റബറിന് വില കുറഞ്ഞതോടെ കർഷകർ പൈനാപ്പിൾ കൃഷിയിലേക്ക് തിരിഞ്ഞു.
- അഞ്ചിരി പാടത്ത് കൃഷിയിറക്കുന്ന കർഷകർക്ക് മതിയായ നഷ്ടപരിഹാരം കിട്ടുന്നില്ല
- സോളാർ ബോട്ട് സർവിസ് ഉൾപ്പെടെ മലങ്കര ടൂറിസം പദ്ധതികൾ പൂർണതോതിൽ സജ്ജമായിട്ടില്ല.
- കോട്ടപ്പാറയിൽ സഞ്ചാരികളുടെ തിരക്കേറുമ്പോഴും സുരക്ഷാസംവിധാനങ്ങളില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.