തൊടുപുഴ: ജില്ലയിൽ നെറ്റ്വർക് തകരാറിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം ഒരുങ്ങുന്നു. ഇടുക്കിയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ആദിവാസി മേഖലയിലുമടക്കം ദുരന്ത മുൻകരുതലിെൻറ ഭാഗമായി ആശയവിനിമയ സൗകര്യം ഉറപ്പാക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശവും പലയിടത്തും കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ മുടങ്ങുന്ന സാഹചര്യവും മുൻനിർത്തിയാണ് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്, മൊബൈൽ സേവനദാതാക്കൾ, കലക്ടർ എന്നിവരുടെ യോഗം വിളിച്ചിരിക്കുന്നത്.
ടെലികോം രംഗത്തെ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യുന്നതിനും പരിഹാരനടപടി സ്വീകരിക്കുന്നതിനായുമാണ് ചൊവ്വാഴ്ച രാവിലെ 11.30ന് യോഗം നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മൊബൈൽ റേഞ്ച് ലഭിക്കാത്തതിനാൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്നുണ്ട്.
തോട്ടം മേഖലയിലെ പലയിടത്തും മൊബൈൽ കവറേജില്ല. ഒറ്റപ്പെട്ട പ്രദേശങ്ങളിലും ആദിവാസി മേഖലയിലുമടക്കം ദുരന്ത മുൻകരുതലിെൻറ ഭാഗമായി ആശയവിനിമയ സൗകര്യം ഉറപ്പാക്കണമെന്ന് ദേവികുളം സബ്കലക്ടർ പെട്ടിമുടി ദുരന്ത പശ്ചാത്തലത്തിൽ റിപ്പോർട്ട് നൽകിയിരുന്നു. ദുരന്തം പുറംലോകമറിയാൻ കാലതാമസമുണ്ടായത് കണക്കിലെടുത്ത് സബ് കലക്ടർ പ്രേംകൃഷ്ണനാണ് കലക്ടർ എച്ച്. ദിനേശന് റിപ്പോർട്ട് നൽകിയത്.
അപകടം അറിയുന്നത് വൈകുന്നതിനാൽ രക്ഷാപ്രവർത്തനം നടത്താനാകാതെ ദുരന്തവ്യാപ്തി വർധിക്കുന്ന സാഹചര്യമാണ്. പെട്ടിമുടിയിൽ രാത്രി ഉരുൾപൊട്ടലുണ്ടായത് മൊബൈൽ സേവനം ലഭിക്കാത്തതിനാൽ പിറ്റേന്നാണ് പുറത്തറിഞ്ഞത്. വൈദ്യുതിയും ലാൻഡ്ഫോൺ സൗകര്യവുമില്ലായിരുന്നു. മൂന്നാർ തോട്ടം മേഖലയിലെ പല ഭാഗങ്ങളിലും മൊബൈൽ കവറേജില്ല. ബി.എസ്.എൻ.എൽ സേവനങ്ങളാണ് ചിലയിടത്തുള്ളത്. മഴ ശക്തമായൽ വൈദ്യുതി നിലക്കും. ഇതോടെ മൊബൈൽ കവറേജും ഇല്ലാതാകും.
ടെലികോം സേവന ദാതാക്കളുടെ യോഗം ഇത് രണ്ടാംഘട്ടമാണ് വിളിക്കുന്നത്. ഇത്തവണ പ്രതിവിധി ഉണ്ടാകുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്. ഇടുക്കിയുടെ പ്രത്യേക സാഹചര്യത്തിൽ പലയിടങ്ങളിലും ടവർ സ്ഥാപിക്കുന്നതിന് പ്രത്യേക അനുമതി വേണ്ടിവരും. ജില്ലയുടെ പല മേഖലകളിലും ടവറുകൾ സ്ഥാപിക്കുന്നതിന് തടസ്സമുണ്ട്. കെ.എസ്.ഇ.ബിയുടെ കൂടി സഹായം വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.