പീരുമേട്: ലോക് ഡൗണിനെ തുടർന്ന് മാങ്ങാ വാങ്ങാൻ ആളില്ലാത്തതിനാൽ കർഷകർക്ക് വൻ നഷ്ടം. വിളവെത്തിയ മാങ്ങ പഴുത്ത് കൊഴിഞ്ഞ് നശിക്കുന്നു. ഹൈറേഞ്ചിൽ മാങ്ങ വിളവെടുക്കേണ്ട ജൂൺ മാസം അവസാനിക്കുമ്പോഴും മാങ്ങ വിൽക്കാൻ സാധിച്ചിട്ടില്ല. പെരുവന്താനം, കൊക്കയാർ, പീരുമേട് പഞ്ചായത്തുകളുടെ പരിധികളിലാണ് ലക്ഷക്കണക്കിന് രൂപയുടെ മാങ്ങ നശിക്കുന്നത്. ഹൈറേഞ്ചിലെ മൂവാണ്ടൻ മാങ്ങക്ക് വൻ വിപണിയാണുള്ളത്.
ഇതോടൊപ്പം കിളിച്ചുണ്ടൻ, സേലം, കോമാങ്ങ തുടങ്ങിയവക്കും നല്ല വില ലഭിച്ചിരുന്നു. കൃഷിക്കാരിൽനിന്ന് മാവടച്ചുള്ള വിലയാണ് മൊത്ത കച്ചവടക്കാർ കൃഷിക്കാർക്ക് നൽകുന്നത്. 500 രൂപ മുതൽ 1500 രൂപ വരെ ഓരോ മാവിനും ലഭിച്ചിരുന്നു.
മിക്ക കർഷകർക്കും മാങ്ങാ വിൽപനയിൽ നല്ല വരുമാനം ലഭിച്ചിരുന്നു. മാവിനടിയിൽ വലകെട്ടിയും വലയുള്ള തോട്ടി ഉപയോഗിച്ചും കേടുപാടുകൾ ഇല്ലാതെ മാങ്ങാ പറിച്ചെടുത്ത് വിപണിയിൽ എത്തിക്കുകയായിരുന്നു. മാങ്ങ കച്ചവടം മുടങ്ങിയതോടെ മാങ്ങ പറിച്ചെടുക്കുന്ന തൊഴിലാളികൾക്കും ജോലി നഷ്ടപ്പെട്ടു. ലോക് ഡൗണിനെ തുടർന്ന് വിപണി ഇല്ലാത്തതിനാൽ മാങ്ങാ വാങ്ങാൻ കച്ചവടക്കാർ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.