മൂലമറ്റം: ആദ്യമായി നാട്ടിലെത്തുന്ന ആനവണ്ടിക്കായി ഗാന്ധിജയന്തി ദിനത്തിൽ വഴിയൊരുക്കാൻ ഒരു നാട് ഒത്തുചേർന്നു. മൂലമറ്റം-കോട്ടമല റോഡിൽ ആശ്രമം വരെ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ട്രാൻസ്പോർട്ട് ബസ് വാഗമണ്ണിലേക്കുള്ള പ്രവേശന കവാടമായ മേമുട്ടംകവല വരെ നീട്ടാൻ വേണ്ട തയാറെടുപ്പ് പൂർത്തിയായിരുന്നു. അടുത്ത ആഴ്ചകളിൽ എത്തിച്ചേരുന്ന ബസിനായി നടത്തിയ ട്രയൽ റണ്ണിൽ ആശ്രമം മുതൽ മേമുട്ടം കവലവരെ നാല് കിലോമീറ്റർ കാട് വളർന്നും മരങ്ങൾ റോഡിലേക്ക് വളഞ്ഞും ബസിന് കടന്നു പോകാൻ ഏറെ പ്രയാസമായിരുന്നു. ഈ ഭാഗങ്ങളാണ് വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കിയത്. നാട്ടുകാരോടൊപ്പം വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളും കൈകോർത്തതോടെയാണ് പണി വേഗം പൂർത്തീകരിക്കാൻ കഴിഞ്ഞത്. ഫയർഫോഴ്സ്, ഫോറസ്റ്റ്, ട്രാൻസ്പോർട്ട്, ഹെൽത്ത് ഡിപ്പാർട്ട്മെന്റുകളും തൊഴിലുറപ്പ് കുടുംബശ്രീ പ്രവർത്തകരും ഒരുമിച്ച് ഇറങ്ങിയപ്പോൾ ദുർഘടം പിടിച്ച പണികൾ ഒരു ദിവസംകൊണ്ട് പൂർത്തീകരിക്കാൻ കഴിഞ്ഞു.
സേവന പ്രവർത്തനത്തിൽ പങ്കാളികളായവർക്ക് മുൻ ആറാം വാർഡ് മെംബർ രമ രാജീവിന്റെ നേതൃത്വത്തിൽ മൂലമറ്റം ശബരി ആശ്രമത്തിൽനിന്ന് തയാറാക്കിയ ഭക്ഷണം എത്തിച്ചു നൽകി. ആശ്രമം പള്ളി വികാരി റോബിൻ നാട്ടുകാരോടൊപ്പം ഉച്ചവരെ പങ്കെടുത്തത് ആവേശമായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീഷ് ബാബു, മഞ്ജു, ഗീതു എന്നിവരും എത്തി. ആറാം വാർഡ് മെംബർ ബിനീഷ് വിജയന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനം ഉളുപ്പൂണി വാർഡ് മെംബർ എബിൻ ബേബി ഉദ്ഘാടനം ചെയ്തു. ഏഴാം വാർഡ് മെംബർ പി.എ. വേലുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി.
കോട്ടമല റോഡ് വികസന സമിതി ചെയർമാൻ മനയാനി ജോർജ്, മൂലമറ്റം വനം വകുപ്പ് സ്റ്റേഷനിലെ ഫോറസ്റ്റർ സുനിൽകുമാർ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ എസ്. അരവിന്ദ്, റോയി വർഗീസ്, പതിപ്പള്ളി റോഡ് വികസന സമിതി ചെയർമാൻ എം.ഡി ദേവദാസ് മൂലമറ്റം സ്റ്റേഷനിലെ ട്രാൻസ്പോർട്ട് ഇൻചാർജ് പ്രസന്നൻ, റസ്ക്യൂ ഡിഫൻസ് വളന്റിയേഴ്സ് ടീം ലീഡർ ശിവദാസ്, ട്രൈബൽ പ്രമോട്ടറായ ഗീതു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.