കുമളി/മറയൂർ: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കം. മൂന്ന് ദിവസം നീളുന്നതാണ് ആഘോഷം. ഭക്തിപൂർവം തയാറാക്കുന്ന പൊങ്കൽ ചോറ് മുതൽ വീരവും ശക്തിയും മാറ്റുരക്കുന്ന കാളപ്പോര് വരെ പൊങ്കലിനോടനുബന്ധിച്ചാണ് നടക്കുന്നത്. അതിർത്തി ജില്ലയായ ഇടുക്കിയിലും ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്.
പൊങ്കൽ ആഘോഷങ്ങൾക്കായി ശനിയാഴ്ച മാത്രം കമ്പത്തെ കർഷകച്ചന്തയിലും പുറത്തുള്ള കടകളിലുമായി വിറ്റഴിച്ചത് 70 ടൺ പച്ചക്കറികളാണ്. വിലക്കുറവും മികച്ച വിളവും നാട്ടുകാർക്കും വ്യാപാരികൾക്കും ഒപ്പം കർഷകർക്കും നേട്ടമായി. കമ്പത്തെ കർഷകച്ചന്തയിൽ 40 ടൺ പച്ചക്കറിയും പുറത്ത് 30 ടൺ പച്ചക്കറിയുമാണ് വിറ്റഴിച്ചത്. കർഷകച്ചന്തയിൽ കാരറ്റ് - 40, ബട്ടർ ബീൻസ് - 45, ബീറ്റ്റൂട്ട് - 24, കാബേജ്-20, തക്കാളി - 24, കത്രിക്ക - 24, മുരങ്ങക്ക - 70, പാവക്ക - 22, ചേന - 20, പടവലം - 18, പച്ചപ്പട്ടാണി - 45 എന്നിങ്ങനായിരുന്നു കിലോ വില.
ഇടുക്കിക്കൊപ്പം കേരളത്തിലെ പല ജില്ലയിലേക്കും കമ്പം, ഉത്തമപാളയം, ചിന്നമനൂർ, തേനി എന്നിവിടങ്ങളിൽനിന്നാണ് പച്ചക്കറികൾ എത്തുന്നത്.
തൈപ്പൊങ്കൽ ഉത്സവം അതിര്‍ത്തി ഗ്രാമങ്ങളും ആഘോഷമാക്കുകയാണ്. അതിര്‍ത്തി ഗ്രാമമായ മറയൂരിലും പൊങ്കൽ ആഘോഷത്തിനുള്ള ഒരുക്കം ആഴ്ചകൾക്ക് മുമ്പേ തുടങ്ങിയിരുന്നു. പൊങ്കലിന് ആവശ്യമായ കരിമ്പ്, പൂവ്, മഞ്ഞള്‍, കോലപ്പൊടി എന്നിവയുടെ വിൽപന പൊടിപൊടിച്ചു. ശനിയാഴ്ച വൈകീട്ട് കാപ്പ്കെട്ട് എന്ന് അറിയപ്പെടുന്ന പൂക്കളും മാങ്ങായിലയും വെച്ച് വീട്ടിന് മുന്‍ വശങ്ങളില് തൂക്കിയിട്ടിരുന്നു. വീടിന്റെ ഐശ്വര്യത്തിനും കൃഷി സമൃദ്ധമാകാനും രോഗബാധകള്‍ തടയാനും ഇതിലൂടെ കഴിയുമെന്നാണ് വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.