ഇടുക്കി: കരുതൽ മേഖലയുടെ ഉപഗ്രഹ സർവേയിലെ പിഴവുകൾ സംബന്ധിച്ച് ജില്ലയിൽനിന്ന് ഇതുവരെ ലഭിച്ചത് 19,789 പരാതികൾ. ജില്ലയില്‍ ശരാശരി 65 ശതമാനം ഫീല്‍ഡ് സർവേയും പൂര്‍ത്തിയായി. ശനിയാഴ്ച സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അവലോകന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ജില്ലയില്‍ കരുതൽ മേഖല ഉള്‍പ്പെടുന്ന പെരിയാര്‍, ഇടുക്കി, മൂന്നാര്‍ എന്നിവിടങ്ങളിൽ ഫീൽഡ് സർവേ പുരോഗമിക്കുകയാണ്. പെരിയാര്‍ - 6637, ഇടുക്കി - 8124, മൂന്നാര്‍- 4998 എന്നിങ്ങനെയാണ് ലഭിച്ച പരാതികൾ. അപേക്ഷ നല്കാന് ആരെങ്കിലും വിട്ടു പോയിട്ടുണ്ടോയെന്ന് വകുപ്പുതല പരിശോധന നടത്തിയ ശേഷമേ സര്‍ക്കാറിന് റിപ്പോർട്ട് സമര്‍പ്പിക്കൂ എന്ന് മന്ത്രി അറിയിച്ചു.33 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഇടുക്കി റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് സീറോ കരുതൽ മേഖലയായി കണക്കാക്കും. ഓരോ പ്രദേശത്തിന്റെയും അതിര്‍ത്തി കൃത്യമായി നിർണയിക്കും.
മുന്‍ യോഗത്തിന്റെ തീരുമാന പ്രകാരം സി.സി.എഫ് റാങ്കിലുള്ള ആർ.എസ്. അരുണിനെ സ്പെഷല്‍ നോഡല്‍ ഓഫിസറായി നിയമിച്ചിട്ടുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനിലെ സാങ്കേതിക തടസ്സം ഒറ്റ ദിവസം കൊണ്ട് പരിഹരിച്ചു. സംരക്ഷിത വനം പരിസ്ഥിതി ലോല മേഖലയുടെ ഭാഗമല്ല. വന്യജീവി സങ്കേതം, ദേശീയ ഉദ്യാനം എന്നിവ കരുതൽ മേഖലയിൽ ഉള്‍പ്പെടുകയുള്ളൂവെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ഇത് സംബന്ധിച്ച മൂന്നാമത്തെ അവലോകന യോഗമാണ് വ്യാഴാഴ്ച ചേര്‍ന്നത്. അടുത്ത യോഗം 16ന് കലക്ടറേറ്റില്‍ ചേരും. അഡ്വ. എ. രാജ എം.എല്‍.എ, ജില്ല കലക്ടര്‍ ഷീബ ജോര്‍ജ്, സബ് കലക്ടര്‍മാരായ അരുണ്‍ എസ്. നായര്‍, രാഹുല്‍കൃഷ്ണ ശര്‍മ, സ്പെഷല്‍ നോഡല്‍ ഓഫിസര്‍ ആർ.എസ്. അരുണ്‍, ഡെപ്യൂട്ടി കലക്ടര്‍ കെ. മനോജ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.