തൊടുപുഴ: സ്കൂൾ ബസുകൾ അപകടത്തിൽപെടുന്നതടക്കമുള്ള കാര്യങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ‘സേഫ് സ്കൂൾ ബസ്’ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പും എൻഫോഴ്സമെന്റും. സ്കൂളുകളിൽ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ 21 എണ്ണത്തിൽ നിയമലംഘനം കണ്ടെത്തി. ഇവരോട് എത്രയും വേഗം നടപടി പൂർത്തിയാക്കി ബസ് പരിശോധനക്കെത്തിക്കാൻ നിർദേശിച്ചു.
മോട്ടോർ വാഹന വകുപ്പ് 61 വാഹനങ്ങളും എൻഫോഴ്സമെന്റ് വിഭാഗം 45 വാഹനങ്ങളുമാണ് പരിശോധിച്ചത്. ഇതിൽ നിയമലംഘനം യഥാക്രമം 16, 5 എന്നിങ്ങനെയാണ്. ഇൻഡിക്കേറ്റർ, വേഗപ്പൂട്ട്, എമർജൻസി വാതിൽ എന്നിവ പ്രവർത്തിക്കാതിരിക്കുക ഉൾപ്പെടെയുള്ള തകരാറാണ് കണ്ടെത്തിയത്. ഒട്ടേറെ സ്കൂൾ ബസുകൾ അറ്റകുറ്റപ്പണി ചെയ്യാതെ കുട്ടികളെ കൊണ്ടുപോകുന്നതടക്കമുള്ള കാര്യങ്ങൾ ശ്രദ്ധയിൽപെട്ടതോടെയാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന സ്കൂൾ തുറക്കുംമുമ്പ് നടത്തിയിരുന്നു. ഫിറ്റ്നസ് പരിശോധനക്ക് വരുമ്പോൾ മാത്രം ബസുകളിൽ സുരക്ഷാസംവിധാനങ്ങളും പുതിയ ടയറുകളും മറ്റും ഉപയോഗിക്കുകയും പിന്നീട് അവ മാറ്റുന്നതും ശ്രദ്ധയിൽപെട്ടിരുന്നു. കൂടാതെ, വേഗപ്പൂട്ട് ഉപയോഗിക്കാത്തതും ശ്രദ്ധയില്ലാതെ വാഹനം ഓടിക്കുന്നതും കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.
ഈ അധ്യയന വർഷം ആരംഭിച്ചശേഷം സ്കൂൾ ബസുകൾ അപകടത്തിൽപെട്ട പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കണ്ണൂരിൽ കാറപകടത്തിൽ ദമ്പതിമാർ മരിച്ചതിനെത്തുടർന്ന് ജില്ലയിൽ നടത്തിയ പരിശോധനയിൽ സ്കൂൾ ബസുകളുടെ ടയറുകൾ കത്തിയ സംഭവങ്ങൾ കണ്ടെത്തി. ഇടുക്കിയിലും അടുത്തിടെ സ്കൂൾ വാഹനത്തിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തിയിരുന്നു.
വാഹനങ്ങളിൽ നിർബന്ധമായും അഗ്നിരക്ഷാ ഉപകരണങ്ങൾ വേണമെന്ന നിബന്ധനപോലും ചില വാഹനങ്ങൾ പാലിക്കാത്ത സാഹചര്യമുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. തുടർച്ചയായി ഒരാഴ്ച പരിശോധിച്ച് ഇത്തരം പോരായ്മകളെല്ലാം കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീർ പറഞ്ഞു.
കുട്ടികളുടെ യാത്രക്ക് തടസ്സം വരാത്ത രീതിയിലാണ് വാഹനങ്ങൾ പരിശോധിക്കുന്നത്. രാവിലെ പത്തിന് ശേഷം സ്കൂൾ ഗ്രൗണ്ടിൽ എത്തി വാഹനം പരിശോധിച്ച് ക്രമക്കേട് കണ്ടെത്തിയാൽ കേസെടുക്കും. വെള്ളിയാഴ്ച വരെ പരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.