അ​ന​ധി​കൃ​ത​മാ​യി മ​​ണ്ണു​കൊ​ണ്ടുപോ​യതിന്​ പൊ​ലീ​സ്​ പി​ടി​യിലായ വാ​ഹ​ന​ങ്ങ​ൾ

തൊടുപുഴ താലൂക്കിൽ മണ്ണെടുപ്പ് വ്യാപകം

തൊടുപുഴ: താലൂക്കിൽ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന വിധം അനധികൃതമായ മണ്ണെടുപ്പും നിലംനികത്തലും വ്യാപകമാകുന്നു. തൊടുപുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് ഇത്തരം പ്രവർത്തനങ്ങൾ. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ ഇടപെടലിന്‍റെയും തണലിലാണ് ഇവർ സജീവമാകുന്നത്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കേണ്ട അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.

അനുമതിയുടെ മറവിലും അവധി ദിനങ്ങള്‍ മറയാക്കിയും രാത്രിയിലുമാണ് ഭൂമാഫിയയുടെ സഹായത്തോടെ മണ്ണെടുപ്പ് പോലുള്ള സംഭവങ്ങൾ. ഇതോടൊപ്പം ഭൂമി കൈയേറ്റം, മണല്‍ വാരല്‍, തുടങ്ങി അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന പരാതികളും വ്യാപകമാണ്. ഒന്നരമാസത്തിനിടെ മണ്ണ് കടത്തുന്നതുമായി ബന്ധപ്പെട്ട് പാസില്ലാതെയും നിയമം ലംഘിച്ചും സഞ്ചരിച്ച 16 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. അടുത്തിടെ സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ പരിശോധനയിലും മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ടോറസ്, ടിപ്പർ എന്നിവയാണ് അധികവും.

തൊടുപുഴ വെങ്ങല്ലൂരിന് സമീപം പാറ കൊണ്ടുവന്ന് പൊട്ടിച്ചുകടത്തിയ സംഭവവും പൊലീസ് പിടികൂടിയിരുന്നു. വൻതോതിൽ പാറ ഇവിടെയെത്തിച്ച് പൊട്ടിച്ച് കടത്തുകയായിരുന്നു. ടൺകണക്കിന് കരിങ്കല്ലും മൂന്ന് ടോറസ് ലോറികളുമാണ് പൊലീസ് പിടിച്ചെടുത്തത്. ജില്ലക്കകത്തും പുറത്തുമുള്ള ക്വാറികളിൽനിന്ന് എത്തിക്കുന്ന കല്ല് സംഭരണ കേന്ദ്രത്തിലിട്ട് പൊട്ടിച്ച് ചെറിയ കഷണങ്ങളാക്കിയാണ് വിൽപന നടത്തിയിരുന്നത്. ഇതിനായി പ്രത്യേക യന്ത്രവും ഇവിടെ ക്രമീകരിച്ചിരുന്നു.

കെട്ടിടനിർമാണം നടക്കുന്നതിനാൽ അതിനായാണ് പാറ എത്തിക്കുന്നതെന്നായിരുന്നു നാട്ടുകാർ കരുതിയിരുന്നത്. പലപ്പോഴും പൊലീസെത്തി നടപടി സ്വീകരിക്കുമെങ്കിലും രണ്ടുദിവസം കഴിഞ്ഞാൽ എല്ലാം പഴയതുപോലെയാകും. ആരെങ്കിലും പരാതിയുമായി എത്തിയാൽ അവരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ട്. പലരും ലഭിക്കുന്ന പാസുകൾ ദുരുപയോഗം ചെയ്താണ് മണ്ണ് കടത്തുന്നത്.

10 ലോഡിന് അനുമതി വാങ്ങുന്നവർ 50 ലോഡ് മണ്ണുവരെ എടുക്കുന്ന സംഭവങ്ങളുണ്ട്. പരിസ്ഥിതിക്ക് വിഘാതമായി നടക്കുന്ന പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കുവാനും അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് നഗരസഭ ജൈവ വൈവിധ്യ മാനേജ്മെന്‍റ് കമ്മിറ്റി അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നേടിയെടുക്കുന്ന കെട്ടിട നിര്‍മാണ അനുമതിയുടെ മറവിലാണ് മണ്ണ് മാഫിയ തടിച്ചുകൊഴുക്കുന്നത്. 

Tags:    
News Summary - Soil mining is widespread in Thodupuzha taluk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.