ഇടുക്കി: മുല്ലപ്പെരിയാറിൽനിന്ന് രാത്രിയിൽ മുന്നറിയിപ്പില്ലാതെ കൂടുതൽ ജലം പുറത്തേക്കൊഴുക്കുന്നത് പെരിയാറിെൻറ തീരപ്രദേശങ്ങളായ വള്ളക്കടവ്, കറുപ്പുപാലം, വികാസ് നഗർ എന്നിവിടങ്ങളിലുള്ളവരെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ രാത്രിയിൽ നാലുതവണയാണ് വ്യാപക അളവിൽ വെള്ളം ഇവരുടെ വീടുകളിലേക്ക് ഇരച്ചെത്തിയത്.പെരിയാർ തീരദേശവാസികളുടെ ജീവന് ഒരു വിലയും കൽപ്പിക്കാതെയാണ് വെള്ളം തുറന്നുവിടുന്നതെന്നും രാത്രിയിൽ ജീവൻ രക്ഷിക്കാൻ പുറത്തേക്കിറങ്ങി ഓേടണ്ട ഗതികേടാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. പലരും ഉറക്കത്തിനിടെയാണ് വെള്ളം ഉയർന്നതുപോലും അറിയുന്നത്. ജില്ല ഭരണകൂടത്തിെൻറ അറിയിപ്പ് വരുന്നതിന് മുമ്പുതന്നെ വെള്ളം തീരപ്രദേശങ്ങളിൽ എത്തുന്ന സ്ഥിതിയാണ്.
മണിക്കൂറിനകം വെള്ളം മുട്ടൊപ്പം പൊങ്ങും. വീട്ടുപകരണങ്ങളടക്കം എടുത്തുമാറ്റാനുള്ള സമയംപോലും കിട്ടാറില്ല. വെള്ളം കുറയുമെന്ന് കരുതി നിൽക്കുന്നതിനിടെ രണ്ടു തവണയും ഇരച്ചെത്തുന്ന സാഹചര്യമാണുണ്ടായത്. പിന്നെ പ്രാണരക്ഷാർഥം കുട്ടികളെയും പ്രായമായവരെയും എടുത്ത് ഓേടണ്ട സാഹചര്യമാണ്. പലരുടെയും വീട്ടുപകരണങ്ങൾ, കൃഷികൾ, വളർത്തുമൃഗങ്ങൾ എന്നിവയെല്ലാം നഷ്ടമായി.
തുടർച്ചയായി രാത്രി വൈകി വെള്ളം തുറന്നുവിടുന്നത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വണ്ടിപ്പെരിയാർ പൗരസമിതിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര-ദിണ്ഡിക്കൽ ദേശീയപാതയും കക്കികവലയും ഉപരോധിച്ചിരുന്നു.
തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. നാട്ടുകാരുെട നേതൃത്വത്തിൽ മുന്നറിയിപ്പ് വാഹനം തടയുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങൾക്കിടയിലും തിങ്കളാഴ്ച രാത്രി വീണ്ടും തമിഴ്നാട് ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. ഇവിടെ ജീവിക്കുന്നവർ മനുഷ്യരാണെന്ന പരിഗണനയെങ്കിലും തരണമെന്നാണ് തദ്ദേശ വാസികളുടെ ആവശ്യം.
അപേക്ഷയാണ്;രാത്രിയിലിങ്ങനെവെള്ളം തുറന്നുവിടരുത്
ഇടുക്കി: 'മൂന്ന് നാല് ദിവസമായി ഉറങ്ങിയിട്ടില്ല. വെള്ളം ഒഴുകിയെത്തുേമ്പാൾ ആകെ വെപ്രാളമാണ്. ദിവസങ്ങളായി വെള്ളം വീട്ടിൽ കയറുേമ്പാൾ കൊച്ചുമക്കളെയുമെടുത്ത് തൊട്ടടുത്തുള്ള എസ്റ്റേറ്റിെൻറ പാറപ്പുറത്ത് കയറി ഇരിക്കും. വെള്ളം ഇറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഇറങ്ങുന്നത്.
രാത്രിയിലിങ്ങനെ വെള്ളം തുറന്നുവിടരുന്നതെന്ന അേപക്ഷയാണ് ഞങ്ങൾക്കിപ്പോഴുള്ളത്'. ചുരക്കുളം ആറ്റോരത്തെ പ്രമീള മുരളീധരെൻറ വാക്കുകളാണിത്. കഴിഞ്ഞ ദിവസം അണക്കെട്ടിലെ ഷട്ടറുകൾ തുറന്നുവിട്ടതിനെ തുടർന്ന് തീരദേശവാസിയായ ഇവർ മക്കളും പേരക്കുട്ടികളുമായി സമീപത്തെ പാറക്കെട്ടിലാണ് അഭയം പ്രാപിച്ചത്. ഞങ്ങൾ മാത്രമല്ല ഈ പ്രദേശത്തെ നിരവധി ആളുകളാണ് വെള്ളം ഉയരുന്നതോടെ ഉയർന്ന സ്ഥലങ്ങളിൽ അഭയം തേടുന്നത്. മുല്ലപ്പെരിയാർ തുറന്നാൽ ആദ്യം വെള്ളമെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ചുരക്കുളം ആറ്റോരം.
ഞങ്ങൾക്ക് വേറെയെങ്ങോട്ടും പോകാൻ വഴിയില്ല. തൊട്ടടുത്ത എസ്റ്റേറ്റിലെ പാറക്ക് മുകളിലാണ് അഭയം തേടിയത്. സമീപത്ത് കാടാണ്. കുട്ടികളെയുമായി ഈ കാട്ടിലൂടെ രാത്രി പോകാൻ കഴിയാത്തതിനാൽ പാറയിൽ ഇരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു. വെള്ളം ഇറങ്ങിയെന്ന് ഉറപ്പാക്കിയാണ് വീട്ടിലേക്ക് മടങ്ങിയത്.
മകെൻറയും മകളുടെയും രണ്ടുകുട്ടികൾ വീട്ടിലുണ്ട്. അധികൃതർ വന്ന് മാറിത്താമസിക്കാൻ പറയും. ഞങ്ങൾ എങ്ങോട്ടുപോകാനാണ്. ഞങ്ങൾക്ക് മഴ നനയാതെ കയറിയിരിക്കാനുള്ള സംവിധാനം ഒരുക്കിത്തരണമെന്ന് മാത്രമാണ് പറയാനുള്ളതെന്നും പ്രമീള പറഞ്ഞു.
എം.എൽ.എ അറിയാതെ പ്രതിഷേധവുമായി മുൻ എം.എൽ.എ
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിെൻറ ഷട്ടർ തുറന്നതോടെ വീടുകളിൽ വെള്ളംകയറിയതിനെ തുടർന്ന് സി.പി.െഎ നേതാവും മുൻ എം.എൽ.എയുമായ ഇ.എസ്. ബിജിമോളുടെ നേതൃത്വത്തിൽ പ്രകടനം. പെരിയാർ തീരദേശ വാസികളുടെ സുരക്ഷ ഉറപ്പാക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് 15ൽ താഴെ ആളുകൾ പ്രകടനം നടത്തിയത്. പെരിയാർ തീരത്ത് ഗുരുതര സ്ഥിതിയാെണന്നും തീരദേശ വാസികളുടേത് സ്വാഭാവിക പ്രതികരണമാെണന്നും പ്രകടനത്തിനുശേഷം ബിജിമോൾ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, മണ്ഡലത്തിൽ സി.പി.ഐയുടെ അംഗം എം.എൽ.എ ആയിരിക്കെ മുൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്. ജില്ല കമ്മിറ്റി അംഗം ജോസ് ഫിലിപ്, എം.എൻ. മോഹൻ, എ.എൻ. ചന്ദ്രൻ എന്നിവരും പ്രകടനത്തിന് നേതൃത്വം നൽകി.വാഴൂർ സോമനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മൂന്നുപേരും പ്രകടനത്തിൽ പെങ്കടുത്തതും മണ്ഡലം സെക്രട്ടറിമാരുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. പാർട്ടിയിൽ വിഭാഗീയത നിലനിൽക്കുന്നു എന്ന വിമർശനത്തിനിടെയാണ് ഒരു വിഭാഗത്തിലെ ഏതാനുംപേർ ചേർന്ന് പ്രകടനം നടത്തിയത്.പ്രകടനം നടത്തുന്ന കാര്യം എം.എൽ.എയുടെ ഓഫിസിൽ അറിയിച്ചിരുന്നില്ലെന്നും പറയുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ട തിങ്കളാഴ്ച രാത്രി വാഴൂർ സോമൻ വണ്ടിപ്പെരിയാറിൽ ഉണ്ടായിരുന്നെങ്കിലും ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ സ്വയം നിരീക്ഷണത്തിൽ പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.