നെടുങ്കണ്ടം: മകളുടെ ഭർത്താവ് മദ്യപിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്വന്തം വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിക്കുകയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും വയോധികയുടെ പരാതി. ഭവന സന്ദർശനത്തിനെത്തിയ ആശാ പ്രവർത്തക ബിന്ദുവിനോടാണ് നെടുങ്കണ്ടം പഞ്ചായത്ത് 22ാം വാർഡിൽ മഞ്ഞപ്പാറ പതിനാലുകുട്ടി ഭാഗത്ത് മങ്ങാട്ടുപള്ളിൽ വീട്ടിൽ ജാനകി എന്ന 81കാരി തന്റെ ദുരിതജീവിതം തുറന്നു പറഞ്ഞത്.
മകൾ രമ, മകളുടെ ഭർത്താവ് കുഞ്ഞുമോൻ എന്നിവരോടൊപ്പമാണ് ജാനകി കഴിയുന്നത്. നിലവിൽ താമസിക്കുന്ന വീട് മൂന്ന് വർഷം മുമ്പ് പഞ്ചായത്തിൽനിന്ന് ജാനകിക്ക് ലഭിച്ചതാണ്. തന്നെ വീട്ടിൽനിന്ന് ഇറക്കിവിടണം എന്ന ഉദ്ദേശ്യത്തോടെയാണ് ഉപദ്രവം. ജാനകിയുടെ ഭർത്താവ് ഏഴു വർഷം മുമ്പ് മരിച്ചതാണ്.
ബിന്ദുവിന്റെ റിപ്പോർട്ടിനെ തുടർന്ന് കെ.പി. കോളനി ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. വി.കെ. പ്രശാന്തിന്റെ തുടരന്വേഷണത്തിൽ കുഞ്ഞുമോൻ ലഹരിക്കടിമയും വീട്ടിൽ സ്ഥിരമായി മദ്യപിച്ച് ബഹളംവെക്കുന്ന ആളുമാണെന്ന് കണ്ടെത്തി. ജാനകിയോട് ഫോണിൽ വിവരം തിരക്കിയപ്പോൾ സത്യാവസ്ഥ ബോധ്യപ്പെട്ടതിനെ തുടർന്ന് ഡോ. വി.കെ. പ്രശാന്ത് തുടർനടപടിക്കായി ഉടുമ്പൻചോല തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.