തൊടുപുഴ: ജില്ലയില്‍ പേവിഷ പ്രതിരോധ വാക്‌സിന്‍ എടുക്കാനിരിക്കെ നിലവിലുള്ള സ്‌റ്റോക് പരിമിതം. വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായി 7686 ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. വെള്ളിയാഴ്ച 15,000 ഡോസ് വാക്‌സിന്‍ കൂടെ ജില്ലയില്‍ എത്തുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്.ഇതുകൊണ്ടും പ്രതിസന്ധി കുറയില്ല. തെരുവുനായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കര്‍മ പദ്ധതികൂടി ഊര്‍ജിതമാക്കുന്നതോടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കും. ജില്ലയില്‍ നായ്ക്കള്‍ ഉള്‍പ്പെടെ 13,169 മൃഗങ്ങള്‍ക്ക് മാത്രമാണ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. ഇതില്‍ 11,881 വളര്‍ത്തുനായ്ക്കള്‍ക്കും 456 പൂച്ചകള്‍ക്കും 129 മറ്റു മൃഗങ്ങള്‍ക്കും രോഗബാധയേല്‍ക്കാതിരിക്കാനുള്ള പ്രതിരോധ കുത്തിവെപ്പ് നല്‍കി.
കടിയേറ്റതിന് ശേഷമുള്ള പ്രതിരോധ കുത്തിവെപ്പ് 230 നായ്ക്കള്‍, 29 പൂച്ചകള്‍, 173 ആടുകള്‍, 17 കന്നുകാലികള്‍, 21 മറ്റു മൃഗങ്ങള്‍ എന്നിവ ഉള്‍പ്പെടെ 625 എണ്ണത്തിന് നല്‍കി. 78 തെരുവുനായ്ക്കള്‍ക്ക് മാത്രമാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. ജില്ലയില്‍ 55,354 വളര്‍ത്തുനായ്ക്കളുള്ളതായാണ് കണക്ക്. ഇതില്‍ 42,888 നായ്ക്കള്‍ക്ക് കുത്തിവെപ്പ് നല്‍കാനുണ്ട്.അതേസമയം, കൂടുതൽ ക്യാമ്പുകളടക്കം നടത്തി കുത്തിവെപ്പ് ഊർജിതമാക്കാനാണ് ജില്ല പഞ്ചായത്ത് നിർദേശം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും വാക്‌സിനേഷനായി കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും.
ഇതോടെ നിലവിലുള്ള സ്‌റ്റോക് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തീരാനാണ് സാധ്യത. ക്ഷാമം നേരിടാൻ സ്‌റ്റോക് എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ബിനോയി സി. മാത്യു പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ 30,000 ഡോസ് ജില്ലയിലേക്ക് എത്തുമെന്നാണ് കരുതുന്നതെന്നും അധികൃതർ പറയുന്നു.അതേസമയം, ജില്ലയില്‍ തെരുവുനായ്ക്കളുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് എ.ബി.സി കേന്ദ്രങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ ഇതുവരെയും അന്തിമധാരണയായിട്ടില്ല.
നാലു കേന്ദ്രങ്ങള്‍ ജില്ലയുടെ വിവിധ മേഖലകളിലായി തുറക്കാനാണ് പദ്ധതിയിട്ടത്. ഇതില്‍ നെടുങ്കണ്ടം ചക്കക്കാനത്ത് വ്യവസായ പാര്‍ക്കില്‍ എ.ബി.സി കേന്ദ്രം തുറക്കുന്ന കാര്യത്തില്‍ മാത്രമാണ് ധാരണയായത്. പീരുമേട് ബ്ലോക്കിലെ ചപ്പാത്തില്‍ കമ്യൂണിറ്റി ഹാളില്‍ സെന്റര്‍ തുറക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് കുമളി ചെങ്കരയില്‍ സ്ഥാപിക്കാനാണ് നീക്കം. തൊടുപുഴ താലൂക്കില്‍ കോലാനി പൗള്‍ട്രി പാമില്‍ സെന്റര്‍ സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്.ഈ മാസം 30നകം എ.ബി.സി സെന്ററുകളുമായി ബന്ധപ്പെട്ട സ്പെഷല്‍ പ്രോജക്ടുകള്‍ സമര്‍പ്പിക്കാൻ കലക്ടർ നിർദേശവും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.