തൊടുപുഴ: തെരുവുനായ് ശല്യം തുടരുമ്പോഴും ജില്ലയിൽ പേവിഷബാധ വാക്സിന് ക്ഷാമം. ഗുരുതര പരിക്കേൽക്കുന്നവർക്ക് നൽകാനുള്ള ഇക്വീൻ റാബീസ് ഇമ്യൂണോഗ്ലോബുലിൻ (ഇ.ആർ.ഐ.ജി) വാക്സിനാണ് ലഭ്യമല്ലാത്തത്. ജില്ലയിലെ ചില പ്രധാന സർക്കാർ ആശുപത്രികളിലൊന്നും വാക്സിൻ ഇല്ല. മറ്റിടങ്ങളിൽ ആവശ്യത്തിനുള്ള സ്റ്റോക്കുമില്ല. ഇതുമൂലം സർക്കാർ ആശുപത്രികളിൽനിന്ന് സൗജന്യമായി ലഭിക്കേണ്ട വാക്സിൻ, വൻതുക നൽകി സ്വകാര്യ ആശുപത്രികളിൽനിന്ന് സ്വീകരിക്കേണ്ട അവസ്ഥയാണ്.
തൊലിപ്പുറത്ത് കുത്തിവെക്കുന്ന ഇൻട്രാഡെർമൽ റാബീസ് വാക്സിൻ (ഐ.ഡി.ആർ.വി) ആവശ്യത്തിനുള്ള സ്റ്റോക്ക് ഉണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തൊടുപുഴ ജില്ല ആശുപത്രിയിൽ ഇ.ആർ.ഐ.ജി വാക്സിൻ നിലവിൽ ഇല്ലാത്ത സാഹചര്യമാണ്. ആശുപത്രിയിലെത്തുന്നവർ ഇപ്പോൾ വാക്സിൻ തേടി മറ്റ് ജില്ലകളിലേക്കടക്കം പോകേണ്ട സാഹചര്യമാണ്.
ഇടുക്കി മെഡിക്കൽ കോളജിലും വാക്സിന് ക്ഷാമം നേരിടുന്നുണ്ട്. താലൂക്ക് ആശുപത്രികളിൽനിന്നടക്കം ഇ.ആർ.ഐ.ജി വാക്സിനെടുക്കാൻ മെഡിക്കൽ കോളജിലേക്കാണ് ആളുകളെ അയക്കുന്നത്. ഇടുക്കി മെഡിക്കൽ കോളജിൽ രണ്ടാഴ്ച മുമ്പ് വാക്സിൻ എത്തിച്ചെങ്കിലും വളരെ കുറവാണ് ഉള്ളത്.
ഇവിടെയും നിലവിൽ ഐ.ഡി.ആർ.വി ഉണ്ട്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഏപ്രിലിൽ വാക്സിൻ തീർന്നു. കട്ടപ്പന ജില്ല ആശുപത്രിയിലും പീരുമേട് താലൂക്ക് ആശുപത്രിയിലും വാക്സിൻ ലഭ്യമല്ല. കുത്തിവെപ്പ് തേടി വരുന്നവരെ കോട്ടയം മെഡിക്കൽ കോളജിലേക്കും സമീപ ആശുപത്രികളിലേക്കും റഫർ ചെയ്യേണ്ട സാഹചര്യമാണ്.
അതേസമയം, തോട്ടം മേഖല ഉൾപ്പെടുന്ന ദേവികുളം, ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിന് വാക്സിൻ ഉണ്ട്. വാക്സിൻ ക്ഷാമം ജില്ലയിലെ പല ആശുപത്രികളും അഭിമുഖീകരിക്കുന്നുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു. പലയിടങ്ങളിലും പ്രശ്നം നിലനിൽക്കുന്നു. ആവശ്യത്തിന് വാക്സിൻ ജില്ലയിലെ ആശുപത്രികൾക്ക് എത്തിച്ചുനൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.
തൊടുപുഴ: കഴിഞ്ഞദിവസം ജില്ലയിൽ നായ്ക്കളുടെ കടിയേറ്റ് ചികിത്സതേടിയത് 22 പേർ. തെരുവുനായ്ക്കൾ മുതൽ വീട്ടിൽ വളർത്തുന്നവ വരെ ഇക്കൂട്ടത്തിലുണ്ട്. നാലുമാസത്തെ കണക്ക് പരിശോധിച്ചാൽ ജില്ലയിൽ 2221 പേർക്ക് കടിയേറ്റു. തെരുവുകളിലും മറ്റും അലഞ്ഞുതിരിയുന്ന നായ്ക്കളുടെ കടിയേറ്റ് ഗുരുതര പരിക്കേറ്റവർ വരെ ഇക്കൂട്ടത്തിലുണ്ട്.
നായ്ക്കളുടെ ശല്യം കൂടിവരുമ്പോഴും ഇതിന് പരിഹാരമുണ്ടാക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ഒരിടക്ക് എ.ബി.സി സെന്ററുകൾ സ്ഥാപിക്കാനുള്ള നടപടികളും കെട്ടിടമേറ്റെടുക്കലടക്കം തുടങ്ങിയെങ്കിലും യാഥാർഥ്യമായില്ല. നെടുങ്കണ്ടം, മൂന്നാര്‍, കുമളി, തൊടുപുഴ തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥലങ്ങള്‍ കണ്ടെത്തിയെങ്കിലും എ.ബി.സി സെന്ററിനെ നായ് വളര്‍ത്തല്‍-സംരക്ഷണ കേന്ദ്രം എന്ന് തെറ്റിദ്ധരിച്ച് പ്രദേശവാസികളക്കം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു.
ഈ സാഹചര്യത്തിൽ തെരുവുനായ്ക്കളില്നിന്നുള്ള സംരക്ഷണം ഉറപ്പുവരുത്താൻ എ.ബി.സി സെന്ററുകള്‍ സ്ഥാപിക്കാനുള്ള നടപടിയുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അഭ്യർഥന പുറപ്പെടുവിച്ചിട്ടുണ്ട്. എ.ബി.സി സെന്ററുകള്‍ സ്ഥാപിക്കാനുള്ള നടപടിയുമായി സഹകരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതരും അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.