തൊടുപുഴ: ഇടമലക്കുടിയിലെ കുട്ടികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞുകൊടുക്കാൻ ഗോത്രഭാഷ പഠിക്കുകയും അവർക്കായി ഗോത്ര പാഠാവലിയും നിഘണ്ടുവും തയാറാക്കുകയും ചെയ്ത രണ്ട് അധ്യാപകർ ഏഴുവർഷത്തെ അധ്യാപനത്തിനുശേഷം കുടിയിൽനിന്ന് യാത്ര പറഞ്ഞിറങ്ങി. കോഴിക്കോട് സ്വദേശികളായ മേപ്പയൂർ നടുവിലക്കണ്ടി സ്വദേശി വി.സുധീഷ്, കൂവല വീട്ടിൽ ഡി.ആർ. ഷിംലാൽ എന്നിവരാണ് ഈ അധ്യാപകർ.
ഒരു കാലത്ത് ഒരു വിദ്യാർഥി മാത്രം പഠിക്കാനെത്തിയ ഇടമലക്കുടിയിലെ ഗവ. ട്രൈബൽ എൽ.പി സ്കൂളിൽനിന്ന് ഇവർ പടിയിറങ്ങുേമ്പാൾ വിദ്യാർഥികളുടെ എണ്ണം 139 ആണ്. കുട്ടികൾ കൂടുതലായതിനാൽ ഈ വർഷം മുതൽ ഒന്നാം ക്ലാസിൽ രണ്ട് ഡിവിഷനുമുണ്ട്. കോവിഡുകാലത്ത് സംസ്ഥാനത്ത് തുറന്ന് പ്രവർത്തിക്കുന്ന ഏക സ്കൂൾ കൂടിയാണ് ഇടമലക്കുടി.
2014ലാണ് ഇരുവരും ഇടമലക്കുടി ട്രൈബൽ യു.പി സ്കൂളിൽ അധ്യാപകരായി എത്തുന്നത്. വാഹന സൗകര്യങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്ത് പെട്ടിമുടിയിൽനിന്ന് 18 കിലോമീറ്റർ കൊടുംവനത്തിലൂടെ നടന്നാണ് സ്കൂളിലെത്തിയിരുന്നത്. വിദൂര വനമേഖലയായതിനാലും ഗോത്രഭാഷ ഉൾപ്പെടെ പ്രതികൂല സാഹചര്യം ഭയന്നും അധ്യാപകര്‍ ജോലിക്കെത്താൻ മടിച്ചിരുന്ന കാലം. നിയമിതരാകുന്നവര്‍ അവധിയില്‍ പ്രവേശിക്കുകയോ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലംമാറ്റം വാങ്ങി പോവുകയോ ചെയ്തിരുന്നു. ആദ്യ ദിനങ്ങളിൽ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വന്നെങ്കിലും പെട്ടെന്ന് കുടിയിലുള്ളവരുമായി ചങ്ങാത്തത്തിലായതായി വി. സുധീഷ് പറഞ്ഞു.
സ്കൂളിലെ രജിസ്റ്ററിൽ 12 കുട്ടികൾ ഉണ്ടായിരുന്നെങ്കിലും ഒരാൾ മാത്രമാണ് എത്തിയിരുന്നത്. അന്വേഷിച്ചപ്പോൾ മനസ്സിലായത് ഗോത്ര വർഗക്കാരായ കുട്ടികൾക്ക് ഭാഷ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ്. മാതൃഭാഷ മലയാളമാണെങ്കിലും മുതുവാന്‍ സമുദായക്കാരായ കുട്ടികള്‍ വിദ്യാലയത്തില്‍ എത്തുമ്പോള്‍ മാത്രമേ മലയാള അക്ഷരങ്ങള്‍ കേട്ടുതുടങ്ങൂ. കുട്ടികള്‍ പറയുന്നത് തങ്ങൾക്കോ തങ്ങൾ പറയുന്നത് കുട്ടികള്‍ക്കോ മനസ്സിലാകാത്ത സാഹചര്യം.
ഇത് തരണംചെയ്യാൻ ആദ്യം ചെയ്തത് മുതുവാൻ ഭാഷയെ മനസ്സിലാക്കാൻ ഓരോ കുടിയും സന്ദർശിക്കുക എന്നതായിരുെന്നന്ന് ഇവർ പറയുന്നു. കിട്ടിയ വാക്കുകൾ എഴുതിയും പറഞ്ഞും ക്ലാസിൽ പ്രയോഗിച്ചും അവർക്കൊപ്പം കൂടി. കുട്ടികളുടെ വരവ് വർധിച്ചതോടെ കൂടുതൽ വാക്കുകൾ പഠിക്കാൻ തുടങ്ങി. മാസങ്ങൾക്കകം മൂന്നാം ക്ലാസിലെ പരിസര പഠനം എന്ന പുസ്തകത്തെ പൂർണമായി ഗോത്രഭാഷയിലേക്ക് പകർത്തി. 2020ൽ സുധീഷ്, ഷിംലാലിെൻറ സഹായത്തോടെ മുതുവാൻ ഭാഷയിലെ 2500 വാക്കുകൾ ഉപയോഗിച്ചുള്ള ആദ്യ മുതുവാൻ ഭാഷാ നിഘണ്ടു പുറത്തിറക്കുകയായിരുന്നു. പ്രിയപ്പെട്ട അധ്യാപകർക്ക് വികാര നിർഭര യാത്രയയപ്പാണ് ഇടമലക്കുടിക്കാർ നൽകിയത്. ബുധനാഴ്ച തന്നെ ഇരുവരും സ്വദേശത്തെ പുതിയ സ്കൂളുകളിലെത്തി ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.