തൊടുപുഴ: നഗരവും സമീപ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് പിടിമുറുക്കി കഞ്ചാവ് മാഫിയ. വ്യാഴാഴ്ച തൊടുപുഴക്ക് സമീപം അടച്ചിട്ട വീട്ടിൽനിന്ന് എട്ടുകിലോ കഞ്ചാവാണ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തൊട്ടുമുമ്പുള്ള ദിവസം രണ്ടുകിലോ കഞ്ചാവുമായി മറ്റൊരു യുവാവിനെ പിടികൂടിയിരുന്നു. അടുത്തിടെ തൊടുപുഴ മേഖല കേന്ദ്രീകരിച്ച് കഞ്ചാവ്-മാഫിയ പ്രവർത്തനങ്ങൾ കൂടിവരുന്നതായാണ് ഇതുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന കേസുകളുടെ വർധനയിൽ നിന്ന് തെളിയുന്നത്.
തൊടുപുഴ നഗരത്തിന് പിന്നാലെ സമീപ പഞ്ചായത്തുകളും ലഹരിക്കടത്തിെൻറ കേന്ദ്രങ്ങളായി മാറുകയാണ്. മദ്യ-മയക്കുമരുന്ന് മാഫിയയുടെ സ്വൈരവിഹാര കേന്ദ്രമായി തൊണ്ടിക്കുഴയിലെ എം.വി.ഐ.പിയുടെ കനാല്‍ അക്വഡക്ട് പാലവും മാറുന്നുണ്ട്. രാത്രി എട്ടിനുശേഷം ഇവിടെ എത്തുന്നവര്‍ പാതിരാത്രി വരെ ഇവിടെ തുടരും. സ്ഥലത്ത് മദ്യക്കുപ്പികളും സിറിഞ്ചുകളും ഉപേക്ഷിച്ചനിലയില്‍ പതിവായി കാണാറുമുണ്ട്.
പാലത്തിന് മുകളിലാകെ മാലിന്യം നിറഞ്ഞുകിടക്കുകയുമാണ്. രാത്രിയായാൽ ആരും ഇതുവഴി സഞ്ചരിക്കാത്തതും ഇത്തരക്കാർക്ക് സഹായകമാകുന്നുണ്ട്. സംഭവത്തില്‍ പൊലീസ് പരിശോധന ശക്തമാക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തേ കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരെയടക്കം നിരീക്ഷിച്ചുവരുകയാണെന്ന് തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ പറഞ്ഞു.
പരിശോധന വ്യാപിപ്പിച്ച് ഡാൻസാഫ്
കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തൊടുപുഴ, കാളിയാർ, കരിമണ്ണൂർ, കാഞ്ഞാർ തുടങ്ങിയ തൊടുപുഴ സബ് ഡിവിഷനുകളിൽപെട്ട സ്ഥലങ്ങളിൽ ഡാൻസാഫ് ടീമിെൻറ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നർകോട്ടിക് സെല്ലിെൻറ നേതൃത്വത്തിലുള്ള 14 അംഗ ടീം ഉൾപ്പെടുന്നവരാണിത്.
നേരത്തേ ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പരിശോധനയെങ്കിൽ ഇപ്പോൾ ലോ റേഞ്ചിലേക്കും പരിശോധന വ്യാപിപ്പിച്ചു. ചെക്പോസ്റ്റുകളിലും വിവിധ ഇടങ്ങളിലും മറ്റും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് ഇടുക്കി നർകോട്ടിക് സെല്ലും അറിയിച്ചു. അതേസമയം, ജില്ലയുടെ വിവിധ മേഖലകളിൽ കഞ്ചാവുമായി പിടിയിലാകുന്നവരുെട എണ്ണം കൂടുന്നുണ്ടെന്ന് എക്സൈസും ചൂണ്ടിക്കാട്ടുന്നു. അടിമാലി, നെടുങ്കണ്ടം, തൊടുപുഴ എന്നിവിടങ്ങളിലും കഞ്ചാവടക്കം ലഹരി ഉൽപന്നങ്ങളുമായി പിടിയിലാകുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഒരാഴ്ചയായി പൊലീസിെൻറയും എക്സൈസിെൻറയും നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായാണ് കേസുകൾ കൂടുതലായി കണ്ടെത്തുന്നതെന്നും പ്രത്യേക പരിശോധനകൾ നടത്തിവരുകയാണെന്നും എക്സൈസ് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.