തൊടുപുഴ: ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ കണ്ണും മനസ്സും നിറച്ച വെള്ളച്ചാട്ടങ്ങള്‍ കടുത്ത വേനലിനെത്തുടര്‍ന്ന് വറ്റിവരണ്ടു. വെള്ളച്ചാട്ടം പ്രധാന ആകര്‍ഷണമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇപ്പോള്‍ സന്ദര്‍ശകരുടെ വരവും കുറഞ്ഞു.
മഴക്കാലത്ത് പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ ജില്ലയുടെ പ്രത്യേകതയാണ്. തൊമ്മന്‍കുത്ത്, ആനയാടിക്കുത്ത്, വളഞ്ഞങ്ങാനം, ചെല്ലാര്‍കോവില്‍, വാളറ, ചീയപ്പാറ, പെരുമ്പന്‍കുത്ത്, ഇലപ്പള്ളി, അരുവിക്കുഴി തുടങ്ങി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍ നിരവധി സഞ്ചാരികളെയാണ് ആകര്‍ഷിച്ചിരുന്നത്. പല വെള്ളച്ചാട്ടങ്ങള്‍ക്കും സമീപം ചെറുകിട വ്യാപാരം നടത്തി ഉപജീവനം നടത്തിയിരുന്നവര്‍ക്കും ഇത് തിരിച്ചടിയായി. തേക്കടി, മൂന്നാര്‍, വാഗമണ്‍ തുടങ്ങി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പോകുന്ന സഞ്ചാരികള്‍ ഇവിടെ വാഹനം നിർത്തി വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം ആസ്വദിച്ചശേഷമായിരുന്നു പോയിരുന്നത്. സഞ്ചാരികളുടെ ഇടത്താവളമായ ഇവിടങ്ങളില്‍ നിരവധി പേരാണ് ചെറിയ കച്ചവടം നടത്തിയിരുന്നത്.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വെള്ളച്ചാട്ടത്തിന്റെ ദൃശ്യം കണ്ടും അറിഞ്ഞും കേരളത്തിന് പുറത്തുനിന്നും അകത്തുനിന്നും എത്തുന്ന സഞ്ചാരികള്‍ നിരാശരായി മടങ്ങുകയാണ്. വേനല്‍ കടുത്തതോടെയാണ് പ്രധാന പാതയിലുള്ള വെള്ളച്ചാട്ടങ്ങള്‍ ഇല്ലാതായത്. ഇതോടെ കച്ചവക്കാരില്‍ പലരും കടകളടച്ച് മറ്റുജോലിക്ക് പോയി. മുമ്പെങ്ങുമില്ലാത്ത വിധമാണ് വേനല്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇത്തവണ വെള്ളമില്ലാതായത്.
കൊടുംചൂടിനിടയില്‍ ഇടക്ക് വേനല്‍മഴ ലഭിക്കുമ്പോള്‍ പല വെള്ളച്ചാട്ടങ്ങളും ചെറിയതോതില്‍ സജീവമാകുമായിരുന്നു. എന്നാല്‍, ഇത്തവണ വേനല്‍മഴ കാര്യമായ തോതില്‍ ലഭിക്കാത്തത് തിരിച്ചടിയായി. ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്തിയിരുന്നതും അപകടസാധ്യത കുറഞ്ഞതുമായ ആനയാടിക്കുത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം അവസ്ഥ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.